തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് ചടങ്ങിനിടെ മന്ത്രി വിഎൻ വാസവൻ ഗൗതം അദാനിയെക്കുറിച്ച് നടത്തിയ പരാമർശം എടുത്തുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാരിന്റെ പങ്കാളിയെന്നാണ് മന്ത്രി വാസവൻ സ്വാഗത പ്രസംഗത്തിൽ ഗൗതം അദാനിയെ വിശേഷിപ്പിച്ചത്. ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി അദാനിയെ ചൂണ്ടിക്കാട്ടി സർക്കാരിന്റെ പങ്കാളിയെന്ന് വിശേഷിപ്പിക്കുകയും സ്വകാര്യ മേഖലയ്‌ക്ക് പ്രാധാന്യം നൽകണമെന്ന് പറയുകയും ചെയ്യുന്നത് സന്തോഷമുള്ള കാര്യമാണ്. ഇതാണ് മാറുന്ന ഭാരതമെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞത്ത് സാമൂഹികമായ ആഘാതമേറ്റ 2976പേർക്ക് 11 കോടി രൂപ വിതരണം ചെയ്‌തു. അദാനിയുടെ സിഎസ്‌ആർ ഫണ്ട് ഉപയോഗിച്ചുകൊണ്ടുള്ള ക്ഷേമപ്രവർത്തനങ്ങളും സംസ്ഥാന സർക്കാർ തലത്തിലുള്ള ക്ഷേമപ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്നും മന്ത്രി വിഎൻ വാസവൻ ചടങ്ങിൽ പറഞ്ഞിരുന്നു. തുറമുഖം പൂർണതയിലേക്കെത്തിച്ചതിന് പിന്നിൽ ഒന്നും രണ്ടും പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയാണ്. നമ്മുടെ നാട്ടിൽ ഒന്നും നടക്കില്ലെന്ന് പറഞ്ഞിടത്ത് എല്ലാം സാദ്ധ്യമാകുമെന്ന് കൂടി തെളിയിച്ചിരിക്കുകയാണ് വിഴിഞ്ഞമെന്നും വിഎൻ വാസവൻ സ്വാഗത പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
സമുദ്രമേഖലയിലുള്ള വികസനത്തിനുൾപ്പെടെ ഉയരങ്ങളിലെത്തുന്നതിന് സ്വകാര്യ പങ്കാളിത്തത്തിന് ആവശ്യമായ പരിഗണന നൽകണം. സ്വകാര്യ - പൊതു പങ്കാളിത്തത്തിലൂടെ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ രാജ്യത്ത് കോടിക്കണക്കിന് രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ പങ്കാളിത്തം ഭാവിയിലും പ്രയോജനം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |