പൂവാര്‍: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ കപ്പല്‍ നിര്‍മ്മാണശാല നിര്‍മ്മിക്കുമെന്ന സൂചനകള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയതോടെ പുത്തന്‍ പ്രതീക്ഷയില്‍ പൂവാര്‍. കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റില്‍ പൂവാര്‍ കപ്പല്‍ നിര്‍മ്മാണശാല യാഥാര്‍ത്ഥ്യമാകുമെന്ന സൂചന ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നല്‍കിയിരുന്നു. 2007ല്‍ തുടക്കമിട്ട കപ്പല്‍ നിര്‍മ്മാണശാല പദ്ധതി വിവിധ കാരണങ്ങളാല്‍ നിലച്ചിരുന്നു. വിഴിഞ്ഞം ഹാര്‍ബര്‍ നിര്‍മ്മാണം പൂര്‍ത്തിയായതോടെ തീരത്തെത്തുന്ന കൂറ്റന്‍ മദര്‍ വെസലുകളുടെയും വന്‍കിട കപ്പലുകളുടെയും അറ്റകുറ്റപ്പണികള്‍ക്കായി സൗകര്യം വേണം. 2013ല്‍ കപ്പല്‍ നിര്‍മ്മാണശാല സ്ഥാപിക്കുന്നതിനായി സാദ്ധ്യതാപഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിനെ ചുമതലപ്പെടുത്തിയിരുന്നു. കേന്ദ്ര ഫിഷിംഗ് മന്ത്രാലയവും കൊച്ചിന്‍ ഷിപ്പ്യാര്‍ഡും നടത്തിയ പഠനങ്ങള്‍ പൂവാര്‍ തീരത്തിന്റെ അനന്തസാദ്ധ്യത കണ്ടെത്തുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര കപ്പല്‍ നിര്‍മ്മാണശാല പൂവാറില്‍ പ്രാവര്‍ത്തികമായാല്‍ നികുതി ഇനത്തിലും മറ്റുമുള്ള കോടികളുടെ വരുമാനം രാജ്യത്തിന് നേട്ടമാകും.
പഠനത്തിലും പച്ചക്കൊടി
ലോക രാജ്യങ്ങള്‍ക്കിടയില്‍ ഏഥന്‍സിനും സിംഗപ്പൂരിനുമിടയ്ക്ക് അന്താരാഷ്ട്ര കപ്പല്‍ പാതയില്‍ വേറെ കപ്പല്‍ നിര്‍മ്മാണശാലയില്ല. കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ പഠന റിപ്പോര്‍ട്ട് പ്രകാരം പൂവാര്‍,വിഴിഞ്ഞം,അഴീക്കല്‍ എന്നിങ്ങനെയാണ് മുന്‍ഗണനാക്രമത്തില്‍ അനുയോജ്യമായ സ്ഥലങ്ങള്‍. രാജ്യത്തിന്റെ വിവിധ കടല്‍ത്തീരങ്ങളുടെ പരിശോധനകളില്‍ കടലിന്റെ ആഴക്കൂടുതല്‍ അനുകൂല ഘടകമാണ്. പൂവാറിന് പകരംവയ്ക്കാവുന്ന മറ്റൊരിടം രാജ്യത്തില്ലെന്നാണ് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം കരയിലും കടലിലും നടത്തിയ പഠനങ്ങളില്‍ പറയുന്നത്.
എല്ലാം അനുകൂലം
പൂവാര്‍ തീരത്തോടു ചേര്‍ന്നുള്ള കടലിന് 24 മുതല്‍ 30വരെ മീറ്റര്‍ സ്വാഭാവികമായ ആഴമുണ്ട്. കൂടാതെ വര്‍ഷം മുഴുവന്‍ കപ്പലുകള്‍ക്ക് വന്നുപോകാന്‍ കഴിയുംവിധം വേലിയേറ്റ, വേലിയിറക്ക അനുപാതം വളരെ കുറവുമാണ്.
ഏകദേശം രണ്ട് കിലോമീറ്റര്‍ ദൂരം കുടിയൊഴിപ്പിക്കലില്ലാതെ നിര്‍മ്മാണത്തിന് അനുയോജ്യമായ ആഴക്കടലുള്ള തീരവും പൂവാറിലുണ്ട്.
നിര്‍മ്മാണ, അറ്റകുറ്റപ്പണിക്ക് ശേഷിയുള്ള പരിശോധനാകേന്ദ്രം വിഴിഞ്ഞത്തിന് സമീപത്തുണ്ടെന്നതും അനുകൂല ഘടകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |