ന്യൂഡൽഹി: കാശ്മീരി രാഷ്ട്രീയ പ്രവർത്തകയും ജെ.എൻ.യു മുൻ വിദ്യാർത്ഥി യൂണിയൻ നേതാവുമായ ഷെഹ്‌ലാ റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് ഷെഹ്‌ലയ്‌ക്കെതിരായ പരാതി.
സുപ്രീംകോടതി അഭിഭാഷകൻ അലാഖ് അലോക് ശ്രീവാസ്തവ ഡൽഹി തിലക് മാർഗ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നിയന്ത്രണങ്ങൾക്കിടെ ജമ്മു കാശ്മീരിൽ സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന് ഷെഹ്‌ല റാഷിദ് ട്വീറ്റ് ചെയ്തിരുന്നു. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതോടെ സൈന്യത്തിന്റെ ഭാഗത്തുനിന്ന് മനുഷ്യാവകാശ ലംഘനങ്ങളുണ്ടായെന്ന് ഷെഹ്‌ല ആരോപിച്ചിരുന്നു. എല്ലാം സൈന്യത്തിന്റെ കൈകളിലാണ്. സൈന്യം യുവാക്കളെ പിടിച്ച് കൊണ്ടുപോകുന്നു. കാശ്മീർ പൊലീസിന് ക്രമസമാധാന പാലനത്തിൽ അധികാരമില്ലാത്ത അവസ്ഥയാണ്.
എന്നാൽ ഈ ആരോപണങ്ങളെല്ലാം സൈന്യം തള്ളിയിരുന്നു. ഷെഹ്‌ല വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു എന്നും അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് പറയുന്നതെന്നുമാണ് സൈന്യം തിരിച്ചടിച്ചത്. സെക്‌ഷൻ 124 എ, 153 എ, 153, 504, 505 എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസ് ഡൽഹി സ്‌പെഷ്യൽ സെല്ലിന് കൈമാറിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |