പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തുന്ന സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കി മന്ത്രി വി ശിവന്‍കുട്ടിയുടെ ഓഫീസ്. കേരള ബോര്‍ഡ് ഓഫ് പബ്ലിക് എക്‌സാമിനേഷന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റ് സൃഷ്ടിച്ച് എസ്.എസ്.എല്‍.സി., പ്ലസ്ടു കോഴ്‌സുകളും പരീക്ഷകളും നടത്തുന്നുവെന്നാണ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി വേണ്ട നിയമനടപടികള്‍ കൈക്കൊള്ളാനാണ് മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കത്ത് നല്‍കിയത്.
സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷകള്‍ നടത്തുന്ന കേരള ബോര്‍ഡ് ഓഫ് പബ്ലിക് എക്‌സാമിനേഷന്‍ എന്ന പേരിലാണ് വ്യാജ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നത്. ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ചാണ് വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നത്. ഗൂഗിളില്‍ തിരഞ്ഞാല്‍ ആദ്യം എത്തുന്നതും ഈ സൈറ്റാണ്. ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്റെ ചിത്രവും ചെയര്‍മാന്‍ എന്ന പേരില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സൈറ്റ് വഴി പരീക്ഷകള്‍ നടത്തി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ അച്ചടിച്ചു നല്‍കുകയും ചെയ്യുന്നെന്നും കണ്ടെത്തിയിരുന്നു. ഉത്തര്‍പ്രദേശിലെ കേന്ദ്രത്തില്‍ നിന്ന് നല്‍കിയ സര്‍ട്ടിഫിക്കറ്റ് ഉദ്യോഗാര്‍ത്ഥി അവിടെ തന്നെ ജോലിക്ക് ഹാജരാക്കിയിരുന്നു. ഈ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി അയച്ചതോടെയാണ് സംഭവം പുറത്തുവരുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഇത്തരം പത്തോളം വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് പൊതു വിദ്യാഭ്യാസ വകുപ്പിന് മുന്നില്‍ എത്തിയത്. ഇതോടെയാണ് വ്യാജനെ പിടിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഇറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |