ലക്നൗ: ഉത്തർപ്രദേശിലെ അമേഠിയിൽ വിവാഹാഘോഷത്തിനിടെ തന്തൂരി റൊട്ടിയെ ചൊല്ലിയുണ്ടായ തർക്കം രണ്ട് കൗമാരക്കാരുടെ കൊലപാതകത്തിൽ കലാശിച്ചു. ആശിഷ് (17), രവി (18) എന്നിവരാണ് കൊല്ലപ്പെട്ടത്. വിവാഹത്തിനിടെ ഭക്ഷണത്തെ ചൊല്ലി തർക്കമുണ്ടായതോടെ വിവാഹത്തിന് അതിഥികളായി എത്തിയവർ ചേരി തിരിഞ്ഞ് അടിക്കുകയായിരുന്നു. തർക്കത്തെ തുടർന്ന് അവിടെ നിന്നും ഇറങ്ങിയ ഇരുവരെയും വിവാഹത്തിനെത്തിയവർ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഞായറാഴ്ച നടന്ന വിവാഹ വിരുന്നിനിടെ ബന്ധുക്കളായ ആശിഷും രവിയും അർദ്ധരാത്രിയോടെ ഭക്ഷണം കഴിക്കാനായി തന്തൂരി റൊട്ടി കൗണ്ടറിന് മുന്നിൽ നിൽക്കമ്പോൾ വരന്റെ ബന്ധുവായ രോഹിത്തുമായി തർക്കമുണ്ടായി. ഇതോടെ പ്രശ്നത്തിൽ രോഹിത്തിന്റെ സുഹൃത്തുക്കളും വരന്റെ ബന്ധുക്കളും തർക്കത്തിൽ ഇടപെടുകയും ഇരുവരെയും ക്രൂരമായി മർദ്ധിക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.
അതേസമയം രോഹിത്തുമായുള്ള തർക്കത്തിന് പിന്നാലെ രവിയും ആശിഷും ഭക്ഷണം കഴിക്കാതെ വിവാഹ വേദി വിട്ടെങ്കിലും രോഹിത്തും സുഹൃത്തുക്കളും പുലർച്ചെ ഒരു മണിയോടെ ഇരുമ്പ് വടിയും ഹോക്കി സ്റ്റിക്കുകളും ലാത്തികളുമായി ഇരുവരെയും പിന്തുടരുകയും മർദ്ദിക്കുകയായിരുന്നു. ഇരുവരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ക്രൂരമായ അക്രമണത്തെ തുടർന്ന് വഴിയിൽ വീണ് പോയ ഇരുവരും ചോരവാർന്നാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെ വഴിയാത്രക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ആശിഷിന്റെ അച്ഛന്റെ പരാതിയിൽ 13 പേർക്കെതിരെ കൊലപാതകത്തിന് കേസെടുത്തു.
കൗമാരക്കാരും രോഹിത്തും തമ്മിലുള്ള ഒരു സാധാരണ തർക്കം നിമിഷ നേരം കൊണ്ടാണ് മറ്റുള്ളവരേറ്റെടുക്കുകയും വിവാഹ വേദി യുദ്ധക്കളായി മാറുകയുമായിരുന്നു. ഇരുവരും ചേർന്ന് തങ്ങളെ അപമാനിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പിന്നീട് പൊലീസിനോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |