ആറ് തുടർവിജയങ്ങൾക്ക് ശേഷം മുംബയ് ഇന്ത്യൻസിന് തോൽവി
ഗുജറാത്തിന്റെ ജയം മഴ നിയമപ്രകാരം മൂന്ന് വിക്കറ്റിന്
മുംബയ് : തുടർച്ചയായ ആറ്മത്സരങ്ങളിൽ വെന്നിക്കൊടിപാറിച്ചെത്തിയ മുംബയ് ഇന്ത്യൻസിനെ തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റാൻസ്. ഇന്നലെ മുംബയ് വാങ്കഡെ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബയ് എട്ടുവിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടിയപ്പോൾ മഴകാരണം ഗുജറാത്തിന്റെ ലക്ഷ്യം 19 ഓവറിൽ 147ആയി നിശ്ചയിക്കപ്പെട്ടു. അവസാന പന്തിൽ റൺഔട്ടിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ടുനേടിയ സിംഗിളിലൂടെയാണ് ഗുജറാത്ത് വിജയിച്ചത്.ഇതോടെ 11 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി ഗുജറാത്ത് പട്ടികയിൽ ഒന്നാമതെത്തുകയും ചെയ്തു. 14 പോയിന്റുള്ള മുംബയ് നാലാമതായി.
ആദ്യ ബാറ്റിംഗിനിറങ്ങിയ മുംബയ്ക്ക് 3.3 ഓവറിൽ ടീം സ്കോർ 26ൽ എത്തിയപ്പോഴേക്കും ഓപ്പണർമാരായ റയാൻ റിക്കിൾട്ടണിനെയും (2),രോഹിത് ശർമ്മയേയും(7) നഷ്ടമായി. ആദ്യ ഓവറിലെ രണ്ടാം പന്തിൽ റിക്കിൾട്ടണിനെ സായ് സുദർശന്റെ കയ്യിലെത്തിച്ച് മുഹമ്മദ് സിറാജാണ് മുംബയ്‌ക്ക് ആദ്യ പ്രഹരം നൽകിയത്. നാലാം ഓവറിൽ അർഷദ് ഖാനാണ് രോഹിതിനെ പുറത്താക്കിയത്. പ്രസിദ്ധ് കൃഷ്ണയ്ക്കായിരുന്നു ക്യാച്ച്. തുടർന്ന് ക്രീസിൽ ഒരുമിച്ച വിൽ ജാക്സും സൂര്യകുമാർ യാദവും മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 71 റൺസാണ് മുംബയ്‌യെ മുന്നോട്ടു നയിച്ചത്. 24 പന്തുകളിൽ 35 റൺസ് എടുത്ത സൂര്യയെ 11-ാം ഓവറിൽ പുറത്താക്കിയ സായ് കിഷോർ ഗുജറാത്തിനെ വീണ്ടും മത്സരത്തിന്റെ കടിഞ്ഞാൺ ഏൽപ്പിച്ചു.35 പന്തുകളിൽ അഞ്ചുഫോറും മൂന്ന് സികക്സുമടക്കം 53 റൺസ് എടുത്ത ജാക്സിനെ 12-ാം ഓവറിൽ റാഷിദ് ഖാനും മടക്കി അയച്ചതോടെ മുംബയ് 103/4 എന്ന നിലയിലായി.
പിന്നീട് തിലക് വർമ്മ(1), ഹാർദിക് പാണ്ഡ്യ (1), നമാൻ ധിർ (7) എന്നിവർ പെട്ടെന്ന് പുറത്തായത് മുംബയ്‌യെ ബാക്ക് ഫുട്ടിലാക്കി. തിലകിനെ കോറ്റ്സെയും ഹാർദിക്കിനെ സായ് കിഷോറും നമാനെ പ്രസിദ്ധ്കൃഷ്ണയുമാണ് പുറത്താക്കിയത്. ഗുജറാത്ത് ക്യാപ്ടൻ ശുഭ്മാൻ ഗില്ലിനായിരുന്നു മൂവരുടേയും ക്യാച്ച്. 123/7 എന്ന നിലയിലായ മുംബയ്‌യെ 27 റൺസെടുത്ത കോർബിൻ ബോഷാണ് 150ലെത്തിച്ചത്. അവസാന ഓവറിൽ ബോഷ് റൺഔട്ടാവുകയായിരുന്നു.
മറുപടിക്കിറങ്ങിയ ഗുജറാത്തിന് സായ് സുദർശനെ(5) തുടക്കത്തിലേ നഷ്ടമായെങ്കിലും ശുഭ്മാൻ ഗിൽ (43), ജോസ് ബട്ട്‌ലർ (30),റുതർഫോഡ് (28) എന്നിവർ മുന്നോട്ടുനയിച്ചു.ഇവരുടെ വിക്കറ്റുകൾ നഷ്ടമായതിന് പിന്നാലെ മഴയും വീണതോടെ ഗുജറാത്ത് സമ്മർദ്ദത്തിലായെങ്കിലും കോറ്റ്സെ (12), തെവാത്തിയ (11*) എന്നിവർ ചേർന്ന് വിജയത്തിലെത്തിച്ചു.
ഇന്നത്തെ മത്സരം
കൊൽക്കത്ത Vs ചെന്നൈ
7.30 pm മുതൽ
19
വിക്കറ്റുകളുമായി ഗുജറാത്ത് പേസർ പ്രസിദ്ധ് കൃഷ്ണ സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതെത്തി. ഇന്നലെ പ്രസിദ്ധ് ഒരു വിക്കറ്റ് നേടി.
510
റൺസുമായി സൂര്യകുമാർ യാദവ് സീസണിലെ റൺവേട്ടയിൽ ഒന്നാമതെത്തി. വിരാട് കൊഹ്‌ലിയേയും സായ് സുദർശനെയും മറികടന്നാണ് സൂര്യ ഒന്നാമതെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |