വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിന് വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിൽ തുടക്കമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 133 കർദ്ദിനാൾമാരാണ് മാർപാപ്പയ്ക്കായി വോട്ട് ചെയ്യുന്നത്. ഇന്ത്യൻ സമയം ഇന്നലെ രാത്രി 9നു ശേഷമാണ് നടപടികൾ തുടങ്ങിയത്.
കോൺക്ലേവ് നടപടികൾ രണ്ടോ അതിലധികമോ ദിവസം നീണ്ടേക്കുമെന്നാണ് സൂചന. ഫ്രാൻസിസ് മാർപാപ്പയുടെ ആശയങ്ങൾ പിന്തുടരുന്ന വ്യക്തിയാകണം പുതിയ മാർപാപ്പ എന്നാണ് കോൺക്ലേവിന് മുന്നേ നടന്ന കർദ്ദിനാൾമാരുടെ യോഗത്തിൽ ഉയർന്ന ആവശ്യം. കോൺക്ലേവിൽ മാർപാപ്പ സ്ഥാനാർത്ഥികളിൽ ഒരാൾക്ക് മൂന്നിൽ രണ്ട് വോട്ട് ലഭിക്കും വരെ ദിവസവും നാല് വോട്ടെടുപ്പുവീതം നടത്തും.
ഓരോ തിരഞ്ഞെടുപ്പിനു ശേഷവും സിസ്റ്റീൻ ചാപ്പലിന്റെ ചിമ്മിനിയിലൂടെ ഉയരുന്ന പുകയുടെ നിറം നോക്കിയാണ് മാർപാപ്പയെ തിരഞ്ഞെടുത്തോ എന്ന് പുറംലോകം മനസിലാക്കുന്നത്. വെളുത്ത പുക ഉയർന്നാൽ മാർപാപ്പയെ തിരഞ്ഞെടുത്തെന്നും പുകയുടെ നിറം കറുപ്പെങ്കിൽ തീരുമാനമായില്ലെന്നുമാണ് അർത്ഥം. ആദ്യ ദിനമായ ഇന്നലെ ഒറ്റ റൗണ്ട് വോട്ടെടുപ്പാണ് നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |