കൊച്ചി: ആഴക്കടൽ മത്സ്യസമ്പത്ത് ഫലപ്രദമായി വിനിയോഗിക്കാനുള്ള സാദ്ധ്യതകൾ പഠിക്കുന്ന സംയുക്ത ഗവേഷണ പദ്ധതിക്ക് തുടക്കമായി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെയും (സി.എം.എഫ്.ആർ.ഐ), കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനത്തിന്റെയും (സിഫ്റ്റ്) പങ്കാളിത്തത്തിലാണ് പദ്ധതി. മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ എന്നിവരുമായി സഹകരിച്ച് ഒരു വർഷം നീളുന്നതാണ് പഠനം.
പ്രധാനമന്ത്രി മത്സ്യസമ്പദ യോജനയ്ക്ക് കീഴിൽ നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡാണ് (എൻ.എഫ്.ഡി.ബി) സാദ്ധ്യതാ പഠനത്തിന് സാമ്പത്തിക സഹായം നൽകുന്നു.
സി.എം.എഫ്.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സുജിത തോമസാണ് പദ്ധതിയുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ. സിഫ്റ്റ് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എം.പി. രമേശൻ ലീഡ് ഇൻവെസ്റ്റിഗേറ്ററാണ്.
മിസോപെലാജിക് മത്സ്യങ്ങളിൽ പഠനം
1. ഇന്ത്യൻ സമുദ്രാതിർത്തിയിലെ ആഴക്കടലിൽ 200 മുതൽ ആയിരം മീറ്റർ വരെ ആഴമുള്ള ഭാഗങ്ങളിലെ മിസോപെലാജിക് മത്സ്യങ്ങളുടെ അളവും സുസ്ഥിരമായി പിടിക്കാവുന്ന രീതികളും വ്യാവസായിക സാദ്ധ്യതകളുമാണ് പഠിക്കുന്നത്.
2. മെഴുക് ധാരാളമടങ്ങിയ ഇത്തരം മത്സ്യങ്ങൾ മനുഷ്യർക്ക് കഴിക്കാനാവില്ല. മത്സ്യത്തീറ്റ നിർമ്മാണം, ന്യൂട്രാസ്യൂട്ടിക്കൽ ഉത്പാദനം തുടങ്ങി വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകും.
3. മത്സ്യത്തീറ്റയ്ക്ക് ഇവയെ ഉപയോഗിച്ചാൽ മത്തി പോലുള്ള വാണിജ്യ മത്സ്യങ്ങളെ അമിതമായി ആശ്രയിക്കുന്നത് തടയാനാകും.
4. തീരക്കടലുകളിലെ മത്സ്യങ്ങളിലെ അമിത സമ്മർദ്ദം ഒഴിവാക്കുക
5. ഗവേഷണഫലം അനുസരിച്ച് മത്സ്യസമ്പത്ത് വൻതോതിൽ വിനിയോഗിക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നൽകും.
ഇന്ത്യൻ സമുദ്രത്തിൽ 20 ലക്ഷം ടണ്ണോളം മിസോപെലാജിക് മത്സ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇവയുടെ ലഭ്യത, ജീവശാസ്ത്രം, സ്റ്റോക് നിർണയം തുടങ്ങിയവ വിലയിരുത്തും.
ഡോ. ഗ്രിൻസൺ ജോർജ്
ഡയറക്ടർ
സി.എം.എഫ്.ആർ.ഐ
മൂല്യവർദ്ധിത ഉദ്പാദനരംഗത്ത് വലിയ സാദ്ധ്യതകളുള്ളതാണ് ഈ മത്സ്യസമ്പത്ത്. ഒമാൻ ഉൾപ്പെടെ രാജ്യങ്ങളിലെയും വ്യവസായങ്ങളുടെയും നട്ടെല്ലാണ് മേഖല.
ഡോ ജോർജ് നൈനാൻ
ഡയറക്‌ടർ, സിഫ്‌റ്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |