പോത്തൻകോട്: രാജ്യത്ത് കാലാകാലങ്ങളായി നിലനിന്നു പോരുന്ന ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കുന്ന സമീപനമാണ് സംസ്ഥാനത്തോട് കേന്ദ്ര സർക്കാർ കാട്ടുന്നതെന്ന് മന്ത്രി ജി.ആർ. അനിൽ. കാട്ടായിക്കോണത്ത് നടക്കുന്ന സി.പി.ഐ കഴക്കൂട്ടം മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമ്മേളനത്തിന് തുടക്കം കുറിച്ച് മുതിർന്ന നേതാവ് കെ. ശിവദാസൻ രക്ത പതാക ഉയർത്തി. രക്തസാക്ഷി മണ്ഡപത്തിൽ വി.പി. ഉണ്ണികൃഷ്ണൻ പുഷ്പചക്രം സമർപ്പിക്കുകയും പ്രതിനിധികൾ പുഷ്പാർച്ചന നടത്തുകയും ചെയ്തു. അഡ്വ.പ്രതീഷ് മോഹൻ രക്തസാക്ഷി പ്രമേയവും ആർ. ശരത്ചന്ദ്രൻനായർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. മണ്ഡലം അസി. സെക്രട്ടറി തുണ്ടത്തിൽ അജി സ്വാഗതം പറഞ്ഞു. സി.പി.ഐ ദേശീയ കൗൺസിൽ അംഗം ജി. ആർ. അനിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. എ.എസ്.ആനന്ദകുമാർ അവതരിപ്പിച്ച സംഘടനാറിപ്പോർട്ടിന്മേലുള്ള ചർച്ച ഇന്നലെ പൂർത്തിയായി.വി. പി. ഉണ്ണികൃഷ്ണൻ, പള്ളിച്ചൽ വിജയൻ, മനോജ് ബി. ഇടമന, വിളപ്പിൽ രാധാകൃഷ്ണൻ, എ. എം. റൈസ് എന്നിവർ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി ചന്തവിള മധു അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയും തിരഞ്ഞെടുപ്പും ഇന്ന് നടക്കും. വസന്തരാജ്, ശില്പ, അനീഷ്.ജെ.പി എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |