തിരുവനന്തപുരം : ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്. അതിർത്തിയിലെ സംഘർഷം അവസാനിപ്പിക്കാനും സമാധാനം കൈവരിക്കാനും ഉണ്ടായ തീരുമാനം വിവേകപൂർണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീവ്രവാദ ശക്തികൾക്കെതിരെ ശക്തമായ നിലപാട് തുടർന്നുകൊണ്ടുതന്നെ സമാധാനത്തിനും നാടിന്റെ പുരോഗതിക്കും വേണ്ടി നിലകൊള്ളുകയാണ് പ്രധാനം. അതിർത്തിയിലെ സംഭവ വികാസങ്ങൾ മൂലം സംസ്ഥാന ഗവൺമെന്റിന്റെ നാലാം വാർഷിക പരിപാടികൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചിരുന്നു. വെടി നിർത്തൽ നിലവിൽ വന്നതിന്റെ പശ്ചാത്തലത്തിൽ വാർഷിക പരിപാടികൾ മേയ് 13 മുതൽ നേരത്തെ നിശ്ചയിച്ച പ്രകാരം തുടർന്ന് നടത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ജില്ലാതല സംസ്ഥാനതല യോഗങ്ങളും എന്റെ കേരളം പ്രദർശനവും മേഖല അവലോകന യോഗങ്ങളും മെയ് 13 മുതൽ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. മാറ്റിവെച്ച മലപ്പുറം ജില്ലാതല യോഗം ഉൾപ്പെടെ 13 വരെ നിശ്ചയിച്ചിരുന്ന മറ്റ് യോഗങ്ങളുടെ തീയതി പിന്നീട് അറിയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |