തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ വ്‌ളോഗര്‍ മുകേഷ് നായര്‍ക്ക് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം പോക്‌സോ കോടതിയാണ് മുകേഷ് നായര്‍ക്കും കേസിലെ രണ്ടാം പ്രതിക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ദ്ധനഗ്നയാക്കി ഫോട്ടോയെടുക്കുകയും സമൂഹമാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് മുകേഷ് നായര്‍ക്കെതിരായ കേസ്. കുട്ടിയുടെ മാതാപിതാക്കളാണ് മുകേഷിനെതിരെ കോവളം പൊലീസില്‍ പരാതി നല്‍കിയത്. കോവളത്തെ റിസോര്‍ട്ടില്‍ രണ്ട് മാസം മുന്‍പാണ് കേസിനാസ്പദമായ റീല്‍സ് ചിത്രീകരണം നടന്നത്. മുകേഷ് ഇതില്‍ അഭിനയിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെയും ഇവിടെ എത്തിച്ചിരുന്നു. കുട്ടിയുടെ സമ്മതമില്ലാതെ അര്‍ദ്ധനഗ്നയായുള്ള ഫോട്ടോകളെടുത്തുവെന്നാണ് ആരോപണം.
ചിത്രീകരണ സമയത്ത് അനുമതിയില്ലാതെ കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചു. കുട്ടിയില്‍ ഇത് മാനസികമായ പ്രശ്നങ്ങളുണ്ടാക്കുന്നതിന് കാരണമായെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ മുകേഷ് നായര്‍ക്കെതിരെ പൊലീസ് പോക്‌സോ കേസ് എടുത്തിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ് നായര്‍ അന്ന് തന്നെ രംഗത്ത് വന്നിരുന്നു. സംഭവത്തെ നിയമപരമായി നേരിടുമെന്നും മുകേഷ് പ്രതികരിച്ചിരുന്നു. അഡ്വക്കേറ്റ് അഫ്‌സല്‍ ഖാന്‍ ആണ് മുകേഷിന് വേണ്ടി കോടതിയില്‍ ഹാജരായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |