കണ്ണൂര്‍: വിവാഹ ദിനത്തില്‍ നവവധുവിന്റെ സ്വര്‍ണം മോഷ്ടിച്ച വരന്റെ ബന്ധുവായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂര്‍ കരിവള്ളൂരിലാണ് വിവാഹദിനത്തില്‍ വധുവിന്റെ 30 പവന്‍ സ്വര്‍ണം മോഷണം പോയത്. വേങ്ങാട് സ്വദേശി വിപിനിയാണ് (46) പിടിയിലായത്. സ്വര്‍ണത്തോടുള്ള ഭ്രമം കൊണ്ടാണ് താന്‍ മോഷ്ടിച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി.
പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ യുവതി സ്വര്‍ണം വീടിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. പലിയേരി സ്വദേശി എ കെ അര്‍ജ്ജുന്റെ ഭാര്യ കൊല്ലം സ്വദേശിനി ആര്‍ച്ചയുടെ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. മെയ് ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ ശേഷം മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. എന്നാല്‍ അടുത്ത ദിവസം അലമാര പരിശോധിച്ചപ്പോള്‍ സ്വര്‍ണം മോഷണം പോയിരുന്നു. തുടര്‍ന്ന് നവവധു പയ്യന്നൂര്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു.
കല്യാണ ദിവസമായ മേയ് ഒന്നിന് രാത്രി ഏഴ് മണിയോടെ ആയിരുന്നു മോഷണം നടത്തിയത്. പിടിക്കപ്പെടുമെന്നായപ്പോള്‍ ചൊവ്വാഴ്ച രാവിലെ വീട്ടുമുറ്റത്ത് കൊണ്ടുവച്ചെന്നും യുവതി പറഞ്ഞു. പ്ലാസ്റ്റിക് കവറില്‍ കെട്ടി വീടിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടത്. കവര്‍ന്ന മുഴുവന്‍ സ്വര്‍ണാഭരണങ്ങളും കവറില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |