കൊച്ചി: സെക്കൻഡ്ഹാൻഡ് മൊബൈൽ ഫോണുകൾ വാങ്ങുന്ന ഉത്തരേന്ത്യൻ സംഘങ്ങളുടെ കൊച്ചിയിലെ ഇടനിലക്കാർക്ക് ഫോണുകൾ വിൽക്കുന്ന മോഷ്ടാക്കൾ അറസ്റ്റിൽ. തേവര കാട്ടുപുറം വീട്ടിൽ വിപിൻ (52), കൊല്ലം കടയ്ക്കൽ എളംപഴന്നൂർ ഹാഷിനാ മൻസിലിൽ മുഹമ്മദ് ഹാഷിം (48) എന്നിവരെയാണ് എറണാകുളം സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയിയുടെ നേതൃത്വത്തിൽ പിടികൂടിയത്.
എറണാകുളം ജനറൽ ആശുപത്രിയിൽ നിന്ന് അപഹരിച്ച മൊബൈൽഫോൺ സഹിതമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച പുലർച്ചെ തലചുറ്റലിന് ചികിത്സ തേടിയെത്തിയ തമ്മനം സ്വദേശി സൗബർ അലിയുടെ 35,000 രൂപയുടെ സ്മാർട്ട്ഫോണും 5,000 രൂപയും ആധാർകാർഡിന്റെ കോപ്പിയുമടങ്ങുന്ന പേഴ്സുമാണ് കവർന്നത്. കുത്തിവയ്പ്പിന് ശേഷം സൗബർ ഗ്രീൻറൂമിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ തെരച്ചിലിൽ മറൈൻഡ്രൈവിൽ നിന്നാണ് പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ട്രെയിനുകൾ, റെയിൽവേ സ്റ്റേഷനുകൾ, ആശുപത്രികൾ ഉൾപ്പെടെ സ്ഥലങ്ങളിൽ നിന്ന് കവരുന്ന മൊബൈൽ ഫോണുകൾ മോഷ്ടാക്കളിൽ നിന്ന് വാങ്ങുന്ന ഇടനിലക്കാർ കൊച്ചിയിൽ സജീവമാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഇടനിലക്കാരിൽ നിന്ന് ഫോണുകൾ വാങ്ങുന്ന ഉത്തരേന്ത്യൻസംഘങ്ങൾ സെക്കൻഡ് ഹാൻഡ് വിൽപ്പനയ്ക്കും സ്പെയർപാർട്സ് ആവശ്യക്കാർക്കും കൈമാറുകയാണ് പതിവ്. ഈ റാക്കറ്റിനെ തിരിച്ചറിയാൻ ശ്രമം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |