കൊല്ലം: ലോകത്തെയാകെ വിറപ്പിച്ച രണ്ടാം ലോകമഹായുദ്ധത്തിന്റെ സ്മൃതിപേറുന്ന ഒരു വീട് നഗരഹൃദയത്തിലുണ്ട്. കൊല്ലം കൊച്ചുപിലാംമൂട്ടിൽ കളക്ടറുടെ ബംഗ്ലാവിനു സമീപമുള്ള 'പത്മവിലാസം".
രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് പട്ടാളത്തിലേക്കുള്ള റിക്രൂട്ടിംഗ് കേന്ദ്രമായിരുന്നു പത്മവിലാസം. ഇവിടം കേന്ദ്രീകരിച്ച് 4685 പേരെയാണ് അന്ന് റിക്രൂട്ട് ചെയ്തത്. കൊല്ലത്തെ ആദ്യകാല ബസ് മുതലാളിയായിരുന്ന നീലകണ്ഠനായിരുന്നു പത്മവിലാസം വീടിന്റെ ഉടമസ്ഥൻ. ബ്രിട്ടീഷ് സേന ഉദ്യോഗസ്ഥരെത്തി വീട് ആവശ്യപ്പെട്ടതോടെ വിട്ടുനൽകി. പ്രതിമാസം 12 രൂപയായിരുന്നു വാടക. മലയാളിയായ ടി.കെ.മാധവനായിരുന്നു റിക്രൂട്ട്മെന്റിന്റെ ചുമതല.
15 ഓളം ഉദ്യോഗസ്ഥർ പത്മവിലാസം വീട്ടിലെ റിക്രൂട്ട്മെന്റ് ഓഫീസിൽ സ്ഥിരമായി പ്രവർത്തിച്ചിരുന്നു. ഓഫീസിന് മുന്നിൽ വച്ചായിരുന്നു കായിക പരീക്ഷ. പങ്കെടുക്കാനെത്തുന്നവരും തിരഞ്ഞെടുക്കപ്പെടുന്നവരും കൊല്ലം ബീച്ചിലെ മണൽപ്പരപ്പിലാണ് അന്തിയുറങ്ങിയിരുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവരെ അടുത്തദിവസം കൊല്ലത്തുനിന്ന് ട്രെയിനിൽ കയറ്റി പരിശീലനത്തിനായി കൊണ്ടുപോകും.
ഓഫീസിലെ ഉദ്യോഗസ്ഥർക്ക് ഭക്ഷണം നൽകിയിരുന്നത് തൊട്ടടുത്ത് താമസിച്ചിരുന്ന നീലകണ്ഠന്റെ വീട്ടിൽ നിന്നാണ്. നീലകണ്ഠൻ ഈ വീട് മകൻ എൻ. ഗോപാലകൃഷ്ണന് നൽകി. അദ്ദേഹത്തിന്റെ മൂത്തമകനായ കൊല്ലം എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ആർ.ജി.വിനോദാണ് ഇപ്പോൾ ഇവിടെ താമസിക്കുന്നത്.
മായാത്ത സുവർണരേഖ
ഓട് മേഞ്ഞ പത്മവിലാസത്തിന്റെ മുന്നിലെ ഭിത്തിയിൽ ' 1939-45 കാലത്തെ രണ്ടാം ലോകമഹാ യുദ്ധകാലത്ത് ബ്രിട്ടീഷ് പട്ടാളത്തിന്റെ എക്സ്ട്രാ അസിസ്റ്റന്റ് റിക്രൂട്ടിംഗ് ഓഫീസായി പ്രവർത്തിച്ചിരുന്ന ഇവിടം കേന്ദ്രീകരിച്ച് 4685 പേരെ പ്രതിരോധ സേനയിലേക്ക് റിക്രൂട്ട് ചെയ്തിരുന്നു." എന്ന് ഇംഗ്ലീഷിൽ സ്വർണ നിറത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഓഫീസ് നിറുത്തിപ്പോകുമ്പോൾ ഉദ്യോഗസ്ഥർ ചുവരിൽ എഴുതിയ ഇക്കാര്യം നീലകണ്ഠനും പിന്മുറക്കാരും മായാതെ നിലനിറുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |