മലപ്പുറം: നിപക്കെതിരെ സെപ്തംബർ വരെ ജാഗ്രത കൈവിടരുതെന്ന് കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ. ഒരുപാരിസ്ഥിതിക മേഖലയിൽ നിപ പൊട്ടിപ്പുറപ്പെട്ടാൽ അവിടങ്ങളിൽ രോഗം ആവർത്തിക്കാനുള്ള സാദ്ധ്യതയുണ്ട്. ഇക്കാലയളവിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. മേയ് മുതൽ സെപ്തംബർ വരെ പഴംതീനി വവ്വാലുകളുടെ പ്രജനനകാലമാണ്. പ്രദേശികമായി പഴങ്ങൾ ഏറെ ലഭ്യമാവുന്ന സ്ഥിതിവിശേഷവുമുണ്ട്. വീട്ടുപരിസരങ്ങളിൽ വവ്വാലുകൾ എത്തിപ്പെടാനുള്ള സാദ്ധ്യത ഏറെയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
2018ൽ കോഴിക്കോടാണ് ആദ്യം നിപ ബാധിച്ചത്. ഇതുവരെ സംസ്ഥാനത്ത് ഏഴ് തവണ രോഗം സ്ഥീരികരിച്ചു. രാജ്യത്ത് തന്നെ കേരളത്തിൽ മാത്രമാണ് ഇത്രയധികം തവണ തുടർച്ചയായി നിപ സ്ഥിരീകരിക്കുന്നത്. മലപ്പുറത്ത് ഒന്നിലേറെ തവണ പ്രൈമറി കേസുകളുണ്ടായി. പശ്ചിമഘട്ടത്തിൽ രോഗവാഹകരായ പഴംതീനി വവ്വാലുകളുടെ വലിയ സാന്നിദ്ധ്യമുണ്ട്. മലപ്പുറത്ത് നിബിഡ വനം ഏറെയുള്ളതിനാൽ രോഗ സാദ്ധ്യതയും വർദ്ധിപ്പിക്കുന്നു എന്നാണ് സെന്റർ ഫോർ നിപയുടെ വിലയിരുത്തൽ. പ്രജനന കാലയളവിൽ വവ്വാലുകളുടെ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ രോഗ വ്യാപനത്തിന് വഴിയൊരുക്കുന്നുണ്ടോ എന്നത് ഉൾപ്പെടെ വിശദപഠനത്തിന് ഐ.സി.എം.ആറിന് പ്രപ്പോസൽ സമർപ്പിച്ചിട്ടുണ്ട്.
ഉറവിടം കണ്ടെത്തുക പ്രയാസം
നിപ രോഗം മനുഷ്യരിലേക്ക് എങ്ങനെ പകർന്നു എന്നത് കണ്ടെത്തുക ഏറെ പ്രയാസകരമാണെന്ന് സെന്റർ ഫോർ നിപ അധികൃതർ പറയുന്നു. വൈറസ് അൽപ്പ നേരമേ ഒരുവസ്തുവിൽ നിലനിൽക്കൂ. വൈറസ് പറ്റിയ ഫ്രൂട്ട്സ് ഒരാൾ കഴിക്കുകയോ അല്ലെങ്കിൽ രോഗവാഹകരായ വവ്വാലുകളുടെ മൂത്രം, കാഷ്ടം, സ്രവം എന്നിവയുമായി സമ്പർക്കത്തിൽ വരികയോ ചെയ്യുമ്പോൾ രോഗം പകരാം.
ഫ്രൂട്സിൽ നിന്നാണ് വൈറസ് പകർന്നതെന്ന സംശയത്തിൽ പ്രദേശത്തെ മറ്റ് ഫ്രൂട്സുകൾ പരിശോധിച്ചാൽ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെന്ന് വരില്ല. വവ്വാലിന്റെ മൂത്രം മഴത്തുള്ളിയാണെന്ന് തെറ്റിദ്ധരിക്കാം. ഇതൊന്നും രോഗി ഓർത്തുവയ്ക്കണമെന്നില്ല. രോഗം വരുന്ന ഇത്തരം വഴികളൊന്നും മിക്കപ്പോഴും തിരിച്ചറിയാൻ കഴിയില്ല.
നമ്മുടെ പരിസ്ഥിതിയിൽ വൈറസിന്റെ സാന്നിദ്ധ്യമുണ്ടെന്ന് തെളിയിക്കിപ്പെട്ടിട്ടുണ്ട്. രോഗം വന്നതും ഈ വൈറസ് കൊണ്ടാണെന്നത് തെളിയിക്കപ്പെട്ട സാഹചര്യത്തിൽ ഉറവിടം കണ്ടെത്താനായില്ലെന്ന വാദത്തിന് പ്രസക്തിയില്ലെന്ന് നിപ നോഡൽ ഓഫീസർ ഡോ. ടി.എസ്. അനീഷ് പറഞ്ഞു.
2024 ജൂലായ് 21ന് പാണ്ടിക്കാട് 14കാരന്റെയും സെപ്തംബർ 15ന് തിരുവാലിയിൽ മരണപ്പെട്ട 24കാരന്റെയും രോഗ ഉറവിടം അജ്ഞാതമാണ്. നിപ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന വളഞ്ചേരി സ്വദേശിയായ 42കാരിയുടെ രോഗ ഉറവിടവും വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |