മലപ്പുറം: വിവാഹത്തിന്റെ പിറ്റേന്ന് ഭർത്താവിന്റെ കാറിൽ നിന്നിറങ്ങി കാമുകനൊപ്പം പോയ യുവതിയെ കണ്ടെത്തി. മലപ്പുറം പരപ്പനങ്ങാടിയിലാണ് സംഭവം. ഉള്ളണം മുണ്ടിയൻകാവ് സ്വദേശിയായ യുവതിയെയാണ് കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്‌ചയായിരുന്നു 24കാരിയുടെ വിവാഹം.
കഴിഞ്ഞ വെള്ളിയാഴ്‌ച യുവതിയും ഭർത്താവും ഉള്ളണത്തെ യുവതിയുടെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു. വിരുന്നിനുശേഷം ഭർതൃവീട്ടിലേയ്ക്ക് മടങ്ങുംവഴി പുത്തരിക്കലിലെ സ്വകാര്യ ആശുപത്രിക്ക് സമീപമെത്തിയപ്പോൾ സുഹൃത്തിനെ കാണണമെന്ന പേരിൽ യുവതി വാഹനം നിറുത്തിച്ചു. തുടർന്ന് വാഹനത്തിൽ നിന്നിറങ്ങി കാമുകനൊപ്പം പോവുകയായിരുന്നു.
ഭർത്താവ് നൽകിയ പരാതിയിൽ യുവതിയെ താനൂരിലുള്ള വീട്ടിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. തുടർന്ന് യുവതിയെ കോടതിയിൽ ഹാജരാക്കി. സ്വന്തം ഇഷ്ടപ്രകാരം കാമുകന്റെയൊപ്പം പോവുകയാണെന്ന് അറിയിച്ചതിനെത്തുടർന്ന് യുവതിയെ കാമുകന്റെ കൂടെ വിട്ടയച്ചതായി പരപ്പനങ്ങാടി സിഐ വിനോദ് വലിയാട്ടൂർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |