#63-ാം വയസിൽ വീണ്ടും യാത്രയ്‌ക്ക് ഒരുങ്ങുന്നു
കൊച്ചി: കാശ്മീരിനെ പ്രണയിച്ച് മതി വരാതെ രാജനന്ദിനി 63-ാം വയസിൽ വീണ്ടും യാത്രയ്‌ക്ക് ഒരുങ്ങുകയാണ്. ഒമ്പതു വർഷത്തിനിടെ 26 തവണ കാശ്‌മീർ സന്ദർശിക്കുകയും അതിർത്തി ഗ്രാമങ്ങളിലുൾപ്പെടെ സാധാരണക്കാർക്കൊപ്പം താമസിക്കുകയും ചെയ്‌തിട്ടുണ്ട് ബ്ളോഗറും സഞ്ചാരസാഹിത്യകാരിയുമാണ്.
പാക് ഷെല്ലാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടുള്ള രാജനന്ദിനിയെ തീവ്രവാദികൾ ചോദ്യം ചെയ്‌തിട്ട്ണ്ട്. തനിച്ചാണ് യാത്രകൾ. ഏപ്രിൽ 22ന് തീവ്രവാദി ആക്രമണമുണ്ടായ ബൈസരൺ 11ന് സന്ദർശിച്ചിരുന്നു. 2016ലായിരുന്നു ആദ്യത്തെ കാശ്‌മീർ യാത്ര. ഫോർട്ടുകൊച്ചിയിൽ പരിചയപ്പെട്ട കാശ്‌മീരി കുടുംബമാണ് ക്ഷണിച്ചത്. അവർക്കൊപ്പം 10 ദിവസം താമസിച്ചു. സ്ഥലങ്ങൾക്കൊപ്പം ജീവിതം, ആചാരം, ഭക്ഷണം, വസ്ത്രധാരണം തുടങ്ങിയവ പഠിച്ച് യാത്രാവിവരണങ്ങളും പ്രസിദ്ധീകരിച്ചു.
ടൂറിസം കേന്ദ്രങ്ങൾക്ക് പുറമെ ഉൾപ്രദേശങ്ങളും പതിവായി സന്ദർശിക്കും. 26 യാത്രകളിൽ പ്രദേശവാസികൾക്കൊപ്പം ഒറ്റപ്പെട്ട അതിർത്തി പ്രദേശങ്ങളും സന്ദർശിച്ചു.മർഗാൻ ടോപ്പാണ് കാശ്മീരിൽ ഇനി കാണാൻ ബാക്കിയുള്ളത്. ശ്രീനഗറിൽ നിന്ന് 120 കിലോമീറ്റർ അകലെ അതിർത്തിയിലെ മർഗാൻ മരണത്തിന്റെ താഴ്‌വര എന്നാണ് അറിയപ്പെടുന്നത്. മലമുകളിലേക്ക് കുതിരപ്പുറത്ത് പോകണം. കൊടുംമഞ്ഞുള്ള അവിടെ മേയ് മുതൽ സെപ്തംബർ വരെയേ പ്രവേശനമുള്ളു.
തോക്കുമായി
തീവ്രവാദികൾ
ശ്രീനഗറിന് സമീപത്തെ നൂർബാഗ് ഗ്രാമത്തിൽ താമസിക്കുമ്പോൾ തോക്കുമായി രണ്ടു പേർ തേടിയെത്തി. വിമോചനപ്പോരാളികൾ എന്നാണ് പരിചയപ്പെടുത്തിയത്. ചാരപ്പണിക്ക് വന്നതാണോ എന്നായിരുന്നു സംശയം. യാത്രയും എഴുത്തുമാണ് ലക്ഷ്യമെന്ന് പറഞ്ഞു. വീട്ടുകാർ നൽകിയ വിവരങ്ങളും വിശ്വസിച്ചാണ് അവർ മടങ്ങിയത്. ലാൽ ചൗക്കിലെ ബോംബാക്രമണത്തിൽ നിന്നും ഷെല്ലാക്രമണം, ടിയർ ഗ്യാസ് എന്നിവയിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്.
ഇരുമ്പനം കൈപ്പുഴവീട്ടിൽ വിജയനാണ് ഭർത്താവ്. രണ്ടു മക്കളും മുതിർന്ന ശേഷമാണ് രാജനന്ദിനി പത്താം ക്ളാസ് പാസായത്. ഹിന്ദിയും പഠിച്ചു. ഇഗ്നോയിൽ നിന്ന് നാലു ഡിപ്ളോമകളും നേടി. 2010 ജൂണിൽ 48-ാം വയസിൽ കൈലാസത്തിലേക്കായിരുന്നു ആദ്യയാത്ര. സിക്കിമും മേഘാലയയും ഒഴികെ ഇന്ത്യയിലെ മിക്ക സ്ഥലങ്ങളും സന്ദർശിച്ചു. രണ്ടു പുസ്‌തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാശ്‌മീരിന്റെ ചരിത്രം, സംസ്‌കാരം, ടൂറിസം വിവരങ്ങൾ എന്നിവയുൾപ്പെട്ട പുസ്‌തകം പ്രസിദ്ധീകരണത്തിന് ഒരുങ്ങുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |