നേതാക്കന്മാരുടെ കുടുംബത്തെയും ആരോഗ്യ രഹസ്യത്തെക്കുറിച്ചുമുള്ള നിരവധി വാർത്തകൾ പുറത്തുവരാറുണ്ട്. അത്തരത്തിൽ ഫിറ്റ്നസിനും ശരീര ഘടനയുടെ പേരിലുമൊക്കെ ലോകമെമ്പാടും പ്രശസ്തി നേടിയ ആളാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ.
വയസ് എഴുപത്തിരണ്ട് പിന്നിട്ടെങ്കിലും അദ്ദേഹത്തിന്റെ ഊർജ്ജസ്വലതയും പ്രവർത്തനങ്ങളുമൊക്കെ ഒരു യുവാവിന്റേതുപോലെയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എഴുപതിലും നിലനിർത്തുന്ന പുടിന്റെ ഈ ചുറുചുറുക്കിന് പിന്നിലെന്താണ്? 'കെഫീർ' എന്ന പാനീയമാണെന്നാണ് അദ്ദേഹത്തെ അറിയുന്ന മിക്കവരും അഭിപ്രായപ്പെടുന്നത്.
കെഫീർ
കെഫീർ നിരവധി പോഷകങ്ങളുടെ ഒരു അത്ഭുതകരമായ ഉറവിടമാണ്. കിഴക്കൻ യൂറോപ്പിന്റെയും തെക്കുപടിഞ്ഞാറൻ ഏഷ്യയുടെയും ചില ഭാഗങ്ങളിൽ നിന്നാണ് കെഫീർ ഉത്ഭവിച്ചത്. ഭക്ഷണം കഴിച്ചതിനുശേഷം സുഖം തോന്നുന്നതിനെ സൂചിപ്പിക്കുന്ന തുർക്കിഷ് പദമായ 'കീഫ്' എന്നതിൽ നിന്നാണ് ഇതിന്റെ പേര് വന്നത്.
തൈരിനെപ്പോലെ ഫേർമിനേറ്റഡ് മിൽക്ക് ഡ്രിങ്ക് ആണിത്. പശുവിന്റെയോ ആടിന്റെയോ പാലിൽ 'കെഫീർ ധാന്യങ്ങൾ' കലർത്തി തയ്യാറാക്കുന്നു. കെഫീർ ധാന്യങ്ങളിൽ പലതരം നല്ല ബാക്ടീരിയകളും യീസ്റ്റും അടങ്ങിയിട്ടുണ്ട്. അവ ശരീരത്തിൽ പ്രോബയോട്ടിക്സ് പോലെ പ്രവർത്തിക്കുന്നു. ഇതിന്റെ രുചി അല്പം പുളിയാണ്. പക്ഷേ ഇത് ശരീരത്തിന് വളരെ ഗുണം ചെയ്യും. ദഹന വ്യവസ്ഥയെ ശക്തിപ്പെടുത്തുക മാത്രമല്ല, പേശികളുടെ വളർച്ചയ്ക്കും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു.
പാൽ ഇഷ്ടമില്ലാത്തവർക്ക് തേങ്ങാവെള്ളം, തേങ്ങാപ്പാൽ അല്ലെങ്കിൽ മറ്റ് മധുരമുള്ള ദ്രാവകങ്ങൾ ഉപയോഗിച്ച് കെഫീർ ഉണ്ടാക്കാം. ഇവയ്ക്ക് പാലുൽപ്പന്നങ്ങൾ അടിസ്ഥാനമാക്കിയുള്ള കെഫീറിന്റെ അത്ര പോഷക ഗുണങ്ങൾ ഉണ്ടാകണമെന്നില്ല.
പ്രഭാത ഭക്ഷണം മുതൽ അത്താഴം വരെ
പടിഞ്ഞാറൻ യുറേഷ്യൻ രാജ്യങ്ങളിൽ, പ്രഭാത ഭക്ഷണത്തിനോ ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ ഒക്കൊയായി കെഫീർ പതിവായി ഉപയോഗിക്കുന്നു. ബ്യൂറെക് (burek), ബനിറ്റ്സ (banitsa), കൊളാഷെ (kolac-hse) തുടങ്ങിയ യൂറോപ്യൻ വിഭവങ്ങളോടൊപ്പം ഇത് പലപ്പോഴും വിളമ്പുന്നു. ക്രമേണ, ഈ പാനീയം അമേരിക്ക, കാനഡ, ജപ്പാൻ എന്നിവിടങ്ങളിലും ജനപ്രിയമായി.
എന്നും രാവിലെ കെഫീർ ധാന്യങ്ങൾ ചേർത്ത ഒരു ഗ്ലാസ് പാൽ പുടിൻ കുടിക്കാറുണ്ടെന്ന് പറയപ്പെടുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ശരീരം ആരോഗ്യകരവും, ദഹനവ്യവസ്ഥയും രോഗപ്രതിരോധ ശേഷിയും വളരെ ശക്തമായും തുടരുന്നത്.
വ്യായാമത്തിന്റെ കാര്യത്തിലും പുടിൻ കർക്കശക്കാരനാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്വവസതിയിൽ വ്യായാമം ചെയ്യുന്ന നിരവധി ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിട്ടുണ്ട്.
ഉപയോക്താക്കൾ ഇന്ത്യയിലും
ഇന്ത്യയിലും ഇപ്പോൾ ആളുകൾ കെഫീർ ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമാക്കാൻ തുടങ്ങിയിരിക്കുന്നു. കെഫീർ ധാന്യങ്ങളും റെഡിടുഡ്രിങ്ക് കുപ്പികളും പല സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. യോഗയിലും ഫിറ്റ്നസിലും താൽപ്പര്യമുള്ള ആളുകൾ ഇത് പാലിൽ കലർത്തി കുടിക്കുകയും ഒരു പ്രോബയോട്ടിക് ആയി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു.
കെഫീർ ഹൃദയം, കരൾ, കുടൽ എന്നിവയ്ക്കും ഗുണം ചെയ്യുമെന്ന് വിദഗ്ദ്ധർ വിശ്വസിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാൻ കെഫീർ സഹായിക്കുന്നു.
കാൻസറിനെവരെ പ്രതിരോധിക്കാൻ കെഫീർ സഹായിക്കുമത്രേ. ലോകത്തിലെ മരണകാരണങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് കാൻസർ. പുളിപ്പിച്ച പാലുൽപ്പന്നങ്ങളിലെ പ്രോബയോട്ടിക്കുകൾ രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുന്നതിലൂടെ ട്യൂമർ വളർച്ച കുറയ്ക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ, കെഫീറിന് ക്യാൻസറിനെതിരെ പോരാടാൻ കഴിയും. അലർജിയേയും ആസ്‌മയേയുമൊക്കെ നിയന്ത്രിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |