ഓപ്പറേഷൻ സിന്ദൂർ തുടരും. അതേസമയം, ഇരുരാജ്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന് താത്‌കാലിക വിരാമമായി. വെടിനിറുത്തൽ പ്രഖ്യാപിക്കണമെന്ന അഭ്യർത്ഥന നടത്തിയത് പാകിസ്ഥാനാണ്. എന്നിട്ട് അവർ തന്നെ അത് ലംഘിക്കുകയും ചെയ്‌തു. ഇതിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകി. നാലു ദിനങ്ങളേ നീണ്ടുനിന്നുള്ളൂ എങ്കിലും ഇതിനിടയിൽ ശത്രുരാജ്യത്തിന് ഇന്ത്യ ഏൽപ്പിച്ച മുറിവ് മാരകമായിരുന്നു. പാകിസ്ഥാന്റെ എട്ട് പ്രധാനപ്പെട്ട വ്യോമത്താവളങ്ങൾ കൃത്യമായി മിസൈൽ ആക്രമണത്തിൽ ഇന്ത്യ തരിപ്പണമാക്കി. തിരിച്ച് നൂറുകണക്കിന് ഡ്രോൺ ആക്രമണങ്ങളും മിസൈൽ ആക്രമണങ്ങളും ബോംബ് ആക്രമണങ്ങളും നടത്താൻ പാകിസ്ഥാൻ തുനിഞ്ഞെങ്കിലും ഇന്ത്യയുടെ 'സുദർശനചക്ര"വും മിസൈൽ പ്രതിരോധ സംവിധാനങ്ങളും അതെല്ലാം നിഷ്‌ഫലമാക്കി.
പാകിസ്ഥാന്റെ മുദ്രയുള്ള ഒരു സ്ഫോടകവസ്തുവും ഇന്ത്യയുടെ ഒരു വ്യോമത്താവളത്തിലും വീണില്ല. അങ്ങനെ സംഭവിച്ചാൽ ഈ ആധുനികകാലത്ത് അക്കാര്യം മറച്ചുവയ്ക്കുക സാദ്ധ്യമല്ല. മാത്രമല്ല, അങ്ങനെ മറച്ചുവയ്ക്കുന്ന രാജ്യവുമല്ല ഇന്ത്യ. ചൈനീസ് ഭടന്മാരുമായുള്ള ഏറ്റുമുട്ടലിൽ അമ്പതോളം ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. അവരുടെയെല്ലാം പേരുകൾ ഇന്ത്യ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ചൈനീസ് ഭാഗത്ത് എത്ര ആൾനാശം സംഭവിച്ചുവെന്നത് ഇതുവരെ ആ രാജ്യം വെളിപ്പെടുത്തിയിട്ടില്ല. ഏകാധിപത്യ സ്വഭാവമുള്ള ഭരണം നടക്കുന്ന ചൈനയ്ക്ക് അങ്ങനെയാവാം. ജനാധിപത്യ മുഖംമൂടിക്കു പിന്നിൽ പട്ടാളം ഭരിക്കുന്ന പാകിസ്ഥാനും അതുപോലെ പലതും മറച്ചുവയ്‌ക്കും. പരാജയത്തിന്റെ ജാള്യം അവർ തീർക്കുന്നത് വാചക യുദ്ധത്തിലാണ്. ഇപ്പോഴത്തെ ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വവും സൈനിക നേതൃത്വവും വേറിട്ടതാണ് എന്ന് പാകിസ്ഥാന് എല്ലാ അർത്ഥത്തിലും ബോദ്ധ്യപ്പെട്ട ഏറ്റുമുട്ടലാണ് നടന്നത്.
വാചകമടിയിലല്ല, കൃത്യമായ പ്രവൃത്തിയിലൂടെയാണ് ഇന്ത്യ യുദ്ധ വൈദഗ്ദ്ധ്യവും മികവും പ്രകടിപ്പിച്ചത്. ചൈനയുടെ ആയുധങ്ങളാണ് പാകിസ്ഥാൻ പ്രധാനമായും ഉപയോഗിച്ചത്. അതത്ര ഫലപ്രദമല്ലെന്ന് ലോകത്തിനു മുന്നിൽ തെളിയാനും ഈ നാല് ദിനങ്ങൾ അവസരമൊരുക്കി. പഹൽഗാം കൂട്ടക്കുരുതിക്ക് മറുപടി നൽകുമെന്ന് പ്രഖ്യാപിക്കുകയും, ഇന്ത്യയുമായി സൗഹാർദ്ദം പുലർത്തുന്ന റഷ്യ, അമേരിക്ക, സൗദി തുടങ്ങിയ രാജ്യങ്ങളെ അറിയിക്കുകയും ചെയ്ത ശേഷമാണ് ഇന്ത്യ പാകിസ്ഥാനിലെയും പാക് അധിനിവേശ കാശ്‌മീരിലെയും ഒമ്പത് ഭീകര താവളങ്ങൾ തകർത്തത്. സ്വാഭാവികമായും ഇന്ത്യ ആക്രമിക്കുമെന്നത് പാകിസ്ഥാനും അറിഞ്ഞിരിക്കുമെന്നതിനാൽ അവരും കരുതലോടെയാവും കാത്തിരുന്നത്. 1971-നു ശേഷം നേരിട്ടൊരു യുദ്ധമെന്ന് വിശേഷിപ്പിക്കാവുന്ന ഏറ്റുമുട്ടൽ നടന്നത് ഇപ്പോഴാണ്.
അന്നു നടന്ന യുദ്ധത്തിന്റെ ഛായ പോലും ഇപ്പോൾ നടന്ന യുദ്ധത്തിനില്ല. ആധുനിക സാങ്കേതികവിദ്യയാൽ നിയന്ത്രിതമായ ഡ്രോൺ ആക്രമണങ്ങളിലേക്കും മിസൈൽ ആക്രമണങ്ങളിലേക്കും മിസൈൽ ആക്രമണം തടയുന്ന വ്യോമ പ്രതിരോധ വ്യൂഹങ്ങളിലേക്കും യുദ്ധം മാറി. ഇത്തരം യുദ്ധരീതിയിൽ ഇന്ത്യയ്ക്കുള്ള വൈഭവം ലോകം വീക്ഷിച്ച ആക്രമണമാണ് നടന്നത്. ഇന്ത്യ ലോകത്തിലെ നാലാം സാമ്പത്തിക ശക്തി മാത്രമല്ലെന്നും ഒന്നാംകിട സൈനിക ശക്തിയാണെന്നും പാകിസ്ഥാനെയും അവരെ അനുകൂലിക്കുന്ന അയൽക്കാരനെയും ബോദ്ധ്യപ്പെടുത്താനും ഇന്ത്യയ്ക്ക് കഴിഞ്ഞു. ഭീകര വേട്ടയ്ക്കുള്ള മറുപടി എന്ന നിലയിലാണ് ആദ്യം ഇന്ത്യ അടിച്ചത്. എന്നാൽ, ഇതിനു പകരമായി ഇന്ത്യൻ സൈനിക താവളങ്ങളും- എന്തിന്, ഡൽഹി വരെ ലക്ഷ്യമിട്ടാണ് പാകിസ്ഥാൻ ഡ്രോൺ ആക്രമണവും മിസൈൽ ആക്രമണവും നടത്തിയത്. അവരുടെ പക്കലുള്ള ഏറ്റവും മാരകമായ ഫത്താ-2 മിസൈൽ ഇന്ത്യ ഹരിയാനയിലെ സിർസയിൽ തകർത്തിട്ടു.
ഇന്ത്യയുടെ ബ്രഹ്‌മാസ്ത്രങ്ങളിലൊന്നായ ബ്രഹ്മോസ് മിസൈൽ ഇതിനു ശേഷമാണ്പ്രയോഗിച്ചത്. ഔദ്യോഗികമായി ഇന്ത്യ ഇത് സ്ഥിരീകരിച്ചിട്ടില്ല. പ്രഹര ലക്ഷ്യത്തിൽ അതീവ കൃത്യതയും വൻനാശവും വിതയ്ക്കുന്ന, പൂർണമായും ഇന്ത്യൻ നിർമ്മിതമായ മിസൈലാണിത്. പകച്ചുപോയ പാകിസ്ഥാൻ ഈ ആക്രമണത്തിനു ശേഷമാണ് സഹായത്തിനായി അർദ്ധരാത്രിയിൽ അമേരിക്കയുടെ സഹായം തേടിയത്. പാകിസ്ഥാനുമായും ഇന്ത്യയുമായും ബന്ധം പുലർത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ശക്തി എന്ന നിലയിൽ അമേരിക്ക ഇടപെട്ടതിൽ ഔചിത്യക്കുറവൊന്നുമില്ല. പക്ഷേ യുദ്ധം നിറുത്തണമെന്ന് പാകിസ്ഥാൻ ഇന്ത്യൻ സൈനിക നേതൃത്വത്തെ അറിയിക്കട്ടെ എന്ന മറുപടിയാണ് ഇന്ത്യ നൽകിയത്. രണ്ട് അണുശക്തികൾ തമ്മിൽ തുറന്ന യുദ്ധത്തിന്റെ വക്കോളമെത്തിയ ഒരു സംഘർഷം ഇതാദ്യമായാണ് നടക്കുന്നത്. അത് ലോക സമാധാനം കെടുത്താൻ പോന്നതായി മാറാൻ അധിക സമയം വേണ്ടിവരില്ല. അതിനാൽ താത്കാലികമായെങ്കിലും യുദ്ധത്തിന് വിരാമമുണ്ടായത് നല്ലതാണ്. കാശ്‌മീർ പ്രശ്നത്തിൽ അമേരിക്കയെന്നല്ല, മൂന്നാമതൊരു മദ്ധ്യസ്ഥനെ അനുവദിക്കില്ലെന്ന ഇന്ത്യയുടെ നിലപാട് മാറ്റില്ലെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
യുദ്ധം ഇത്ര പെട്ടെന്ന് ശമിച്ചതിൽ ചൈനയ്ക്ക് സന്തോഷമുണ്ടാകാൻ വകയില്ല. താരിഫ് യുദ്ധത്തിൽ ചൈന പരുങ്ങലിലായിരുന്നു. മാത്രമല്ല, ആപ്പിൾ പോലുള്ള ബഹുരാഷ്ട്ര കുത്തകകൾ ഉത്‌പാദനം ഇന്ത്യയിലേക്ക് മാറ്റാൻ തുടങ്ങി. അതിനാൽ ഇന്ത്യ സുരക്ഷിതമല്ല എന്ന് തെളിയിക്കാൻ പാകിസ്ഥാനെ കരുവാക്കാൻ പിന്നിൽ നിന്നത് ചൈനയാണ്. എന്നാൽ, ഈ യുദ്ധമാകട്ടെ ഇന്ത്യ ഏറ്റവും കരുത്തുറ്റ സുരക്ഷിത രാജ്യമാണെന്ന് തെളിയിക്കാൻ പര്യാപ്തമാവുകയും ചെയ്‌തു. കലക്കവെള്ളത്തിൽ മീൻ പിടിച്ചത് അമേരിക്കയാണെന്നും പറയേണ്ടിവരും. യുദ്ധം തുടങ്ങിയതിനു ശേഷമാണ് ലോക ബാങ്ക് അടിയന്തര സഹായമായി 8500 കോടി രൂപ നൽകിയത്. ഇതിൽ സിംഹഭാഗവും അമേരിക്കയിൽ തന്നെയുള്ള ആയുധക്കച്ചവടക്കാരുടെ കീശയിലേക്കായിരിക്കും പോയിരിക്കുക. അതേസമയം , ലോക ബാങ്കിന് പാകിസ്ഥാൻ തിരിച്ചുനൽകേണ്ട പണമായി കിടക്കുകയും ചെയ്യും.
യുദ്ധം നമുക്ക് വൈകാരിക പ്രശ്നമാണെങ്കിലും മറ്റ് വൻ ശക്തികൾക്ക് ബിസിനസിനുള്ള സുവർണാവസരങ്ങളാണ്. ഇന്ത്യൻ ആയുധങ്ങളുടെ കയറ്റുമതി വർദ്ധനവിനും ഈ യുദ്ധം ഇടയാക്കുമെന്നതിൽ സംശയിക്കേണ്ടതില്ല. പ്രതിസന്ധി ഘട്ടങ്ങളിലാണ് യഥാർത്ഥ സുഹൃത്തുക്കളെ തിരിച്ചറിയാനാവുന്നത്. ഈ പ്രശ്നത്തിൽ റഷ്യ അചഞ്ചലമായി ഇന്ത്യയ്ക്ക് ഒപ്പമാണ് നിലകൊണ്ടത് എന്നത് കാണാതിരിക്കാനാവില്ല. 2019-ൽ 40 സി.ആർ.പി.എഫ് ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണത്തിനു പിന്നിൽ തങ്ങളാണെന്ന് പാക് വ്യോമസേനാ വൈസ് മാർഷൽ തന്നെ 'തന്ത്രപരമായ മിടുക്ക്" എന്നു പറഞ്ഞ് വെളിപ്പെടുത്തുകയുണ്ടായി. ഭീരുവിനെപ്പോലെ ഒളിച്ചിരുന്ന് ചോര ചിതറുന്നതാണ് പാകിസ്ഥാന്റെ എക്കാലത്തെയും 'മിടുക്ക്." ആ മിടുക്കിലേക്ക് ഉൾവലിയാനുള്ള തന്ത്രത്തിന്റെ ഭാഗം കൂടിയാണ് അവർക്ക് വെടിനിറുത്തൽ.
ഈ തന്ത്രപരമായ മിടുക്കുകൾക്കിടയിൽ സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് പാകിസ്ഥാൻ അറിയുന്നില്ല. സാമ്പത്തികമായി കടുത്ത പ്രതിസന്ധിയാണ് ആ രാജ്യം അഭിമുഖീകരിക്കുന്നത്. ബലൂചിസ്ഥാൻ സ്വതന്ത്ര രാജ്യമായി മാറാൻ അധിക കാലം വേണ്ടിവരില്ല. താലിബാനെ സഹായിച്ചതിന് പട്ടാള ഓഫീസർമാരുടെ മക്കളെ വെടിവച്ചുകൊന്നാണ് അവർ മറുപടി കൊടുത്തത്. വിതയ്ക്കുന്നതേ കൊയ്യാനാവൂ എന്ന് ഈ പരാജയത്തിന്റെ നിമിഷങ്ങളിലെങ്കിലും പാകിസ്ഥാൻ തിരിച്ചറിയണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഒരു വൻ ലോക ശക്തിയായി വളരുകയാണ്. ആ വളർച്ചയുടെ പാതയിൽ വഴിമുടക്കാൻ കിടക്കുന്ന മർക്കടനായി ആ രാജ്യം മാറാതിരുന്നാൽ അവർക്കു കൊള്ളാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |