കൊച്ചി: 52 മത്സരയിനങ്ങളിലായി 2000ൽ അധികം കായികതാരങ്ങൾ മാറ്റുരയ്ക്കുന്ന എട്ടാമത് റാങ്കിംഗ് ഓപ്പൺ നാഷണൽ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിന് പെരുമ്പാവൂരിൽ ഇന്ന് മുതൽ വേഗചക്രമുരുളും. 33 വർഷത്തിന് ശേഷമാണ് കേരളം ഒരു ദേശീയ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് എന്നത് ശ്രദ്ധേയമാണ്. പെരുമ്പാവൂർ നെല്ലിമോളത്തെ ഏഷ്യാഡ്‌സ് ഇന്റർനാഷണൽ സ്പീഡ് സ്‌കേറ്റിംഗ് അക്കാഡമിയിൽ 15 മുതൽ 19 വരെയാണ് ചാമ്പ്യൻഷിപ്പ്.
ഔദ്യോഗിക ഉദ്ഘാടനം നാളെ വൈകിട്ട് 4 മണിക്ക് കായികമന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും. മത്സരങ്ങളിലെ പോയിന്റുകൾ കൂടി പരിഗണിച്ചായിരിക്കും അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിലേക്കുള്ള താരങ്ങളെ തിരഞ്ഞെടുക്കുക.
ഇന്ന് രാവിലെ 7 മണിക്ക് ഹീറ്റ്‌സ് മത്സരങ്ങളോടെ ചാമ്പ്യൻഷിപ്പിന് തുടക്കമാകും. രാവിലെ 11 വരെ മത്സരങ്ങൾ നടക്കും. ഉച്ചയ്ക്ക് ശേഷമുള്ള ഇടവേളയ്ക്ക് ശേഷം വൈകിട്ട് 4 മണിക്ക് മത്സരങ്ങൾ പുനരാരംഭിക്കും. രാത്രി 9 മണി വരെയാണ് മത്സരങ്ങൾ.
625 മലയാളി താരങ്ങൾ
കഴിഞ്ഞ വർഷത്തെ ചാമ്പ്യൻഷിപ്പിലെ ശ്രദ്ധേയ താരങ്ങളായ അബ്‌നയും ഗായത്രിയും ഇത്തവണയും മത്സരരംഗത്തിറങ്ങമ്പോൾ പോരാട്ടം കൂടുതൽ ആവേശകരമാകും. ഇവരെക്കൂടാതെ 625 മലയാളി താരങ്ങളാണ് മാറ്റുരയ്ക്കുന്നത്.
നാല് വിഭാഗങ്ങൾ
പ്രായത്തിന്റെ അടിസ്ഥാനത്തിൽ താരങ്ങളെ നാല് വിഭാഗങ്ങളായി തിരിച്ചാണ് മത്സരങ്ങൾ. 12 വയസ് വരെയുള്ള കുട്ടികൾ കേഡറ്റ് വിഭാഗത്തിലും 12-15 വയസ് സബ് ജൂനിയർ വിഭാഗത്തിലും 15-18 വയസ് ജൂനിയർ വിഭാഗത്തിലും18 വയസിന് മുകളിലുള്ളവർ സീനിയർ വിഭാഗത്തിലുമായി മത്സരിക്കും. പുരുഷ, വനിതാ താരങ്ങൾക്കായി പ്രത്യേക മത്സരങ്ങളുമുണ്ടാകും.
സ്കേറ്റിംഗ് മത്സരങ്ങളിൽ മലയാളി താരങ്ങളുടെ സാന്നിദ്ധ്യം വർദ്ധിക്കുന്നു. രജിസ്ട്രേഷനിൽ ഇത് പ്രകടമായി. കൂടുതൽ രാജ്യാന്തരതാരങ്ങളെ വാർത്തെടുക്കാൻ കേരളത്തിന് കഴിയും.
സെബാസ്റ്റ്യൻ പ്രേം
പ്രസിഡന്റ്
ആർ.എസ്.എഫ്.ഐ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |