സിംഗപ്പൂർ സിറ്റി: സിംഗപ്പൂരിൽ സ്കൂബാ ഡൈവിംഗിനിടെയുണ്ടായ അപകടത്തിൽ പ്രശസ്ത ഗായകൻ സുബീൻ ഗർഗിന് (52) ദാരുണാന്ത്യം. ഡൈവിംഗിനിടെ ശ്വാസ തടസമുണ്ടായതാണ് മരണകാരണം. ഒപ്പമുണ്ടായിരുന്നവർ അദ്ദേഹത്തെ കരയ്ക്കെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30ഓടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സിംഗപ്പൂരിൽ ഇന്നും നാളെയുമായി നടക്കുന്ന നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയതാണ് സുബീൻ.
1972ൽ മേഘാലയയിലെ തുറയിലെ അസാമീസ് കുടുംബത്തിലാണ് സുബീന്റെ ജനനം. അസാമിസ്, ഹിന്ദി, ബംഗാളി അടക്കം 40 ഓളം ഭാഷകളിൽ പാടിയിട്ടുണ്ട്. 2016ൽ പുറത്തിറങ്ങിയ ഗാങ്‌സ്റ്ററിലെ 'യാ അലി" എന്ന ഗാനം ലോകമെമ്പാടും തരംഗമായി. ക്രിഷ് 3യിലെ ദിൽ തു ഹി ബതാ,
സുബഹ് സുബഹ്, ക്യാ രാസ് ഹേ ഉൾപ്പെടെ നിരവധി ഗാനങ്ങൾ ഹിറ്റായി. അസാമീസ് നാടോടി ഗാനങ്ങളും നിരവധി ആൽബങ്ങളും പുറത്തിറക്കി. സംഗീത സംവിധാനവും നിർവഹിച്ചു. നിരവധി സിനിമകളിലും അഭിനയിച്ചു.
സുബീൻ ബോർഥകുർ എന്നാണ് യഥാർത്ഥ പേര്. 90കളിൽ തന്റെ ഗോത്രത്തിന്റെ പേരായ ഗർഗ് പേരിനൊപ്പം ചേർത്തു. ഫാഷൻ ഡിസൈനറായ ഗരിമ സൈകിയയാണ് ഭാര്യ. സുബീന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തുടങ്ങിയവർ ദുഃഖം രേഖപ്പെടുത്തി. മൃതദേഹം ഇന്ന് അസാമിലെത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |