മാന്നാർ : സ്വന്തം രാജ്യത്തെ കാക്കാൻ ജീവൻ പോലും പണയം വച്ച് സേവനം ചെയ്യുന്ന ധീര ജവാന്മാർക്കായി മാന്നാർ കുരട്ടിക്കാട് ശ്രീകൃഷ്ണ കുചേലാശ്രമം മഠാധിപതി സ്വാമി അംഗജൻ നടത്തിവരുന്ന ജവാൻപൂജക്ക് ഏഴ് വയസ് പിന്നിട്ടു. കുചേലാശ്രമത്തിന്റെ ഭാഗമായി സ്ഥിതി ചെയ്യുന്ന ശ്രീരാമ സീതാ ക്ഷേത്രത്തിലാണ് എല്ലാ വെള്ളിയാഴ്ച തോറും ജവാൻ പൂജ നടത്തുന്നത്.
സൈനികരുടെ ആയുരാരോഗ്യ സൗഖ്യത്തിനും രോഗദുരിത നിവാരണത്തിനും സർവസമ്പൽ സമൃദ്ധിക്കുമായി നടത്തി വരുന്ന പൂജയുടെ തുടക്കം 2018മേയിലാണ്. തന്റെ അടുക്കലെത്തിയ പട്ടാളക്കാർ പങ്കിട്ട വേദനകളും യാതനകളും ഉൾക്കൊണ്ട് അവരോടുള്ള ഇഷ്ടത്തിൽ നിന്നാണ് അവർക്കായി എന്തെങ്കിലും ചെയ്യണമെന്ന മോഹം സ്വാമി അംഗജനിൽ ഉണ്ടായത്. വെള്ളിയാഴ്ച രാവിലെയും വൈകിട്ടുമായാണ് പ്രത്യേക പൂജകൾ.
കാശ്മീരിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന് അതിർത്തിയിൽ സംഘർഷം രൂക്ഷമായതിനാൽ ഇത്തവണ സാധാരണ പൂജകൾക്ക് പുറമേ കവചരക്ഷാ പൂജയും നടത്തി. ജവാൻ പൂജ ഏഴു വർഷം പൂർത്തിയായ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ തുടങ്ങിയ കവചരക്ഷാ പൂജ. ഹനുമാനും പരശുരാമനും പ്രത്യേക പൂജകൾ അർപ്പിച്ച് ഞായറാഴ്ച വൈകിട്ട് 1001 ദീപം തെളിയിച്ച് ദീപാർച്ചനയും നടത്തിയാണ് അവസാനിച്ചത്.
ഗുരുദേവസത്രം ശ്രദ്ധേയം
കഴിഞ്ഞ 35 വർഷക്കാലമായി സംഖ്യാ ജ്യോതിഷത്തിലൂടെയും ദീപ ജ്യോതിഷത്തിലൂടെയും ജനങ്ങളുടെ പ്രശ്ങ്ങൾ അറിഞ്ഞ് ശാശ്വതപരിഹാരത്തിലൂടെ ഫലപ്രാപ്തി ലഭ്യമാക്കുന്ന ആത്മീയ കേന്ദ്രം കൂടിയായ ശ്രീകൃഷ്ണ കുചേലാശ്രമത്തിലെ ശ്രീനാരായണ ഗുരുദേവ സത്രം ഏറെ ശ്രദ്ധേയമാണ്. ശ്രീനാരായണ ഗുരുദേവന്റെ ജന്മസ്ഥലമായ ചെമ്പഴന്തി മുതൽ മഹാസമാധി വരെയുള്ള ചരിത്രങ്ങൾ ചുമർ ചിത്രങ്ങളായി ആശ്രമത്തിൽ സ്ഥാപിച്ചാണ് ഗുരുദേവ സത്രം ഒരുക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |