ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ മരിച്ച ആറ് ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥികളിൽ രണ്ട് പേരുടെ കുടുംബത്തിനുള്ള ധനസഹായം കൈമാറി. മരിച്ച എടത്വ സ്വദേശി ആൽവിൻ ജോർജ്ജിന്റെ അമ്മ മീന, കാവാലം സ്വദേശി ആയുഷ് ഷാജിയുടെ അമ്മ ഉഷ എന്നിവർ കണ്ണീരോടെ
സഹായം ഏറ്റുവാങ്ങി. സദസിലുണ്ടായിരുന്ന വിദ്യാർത്ഥികൾ കണ്ണീരടക്കാൻ പ്രയാസപ്പെട്ടു. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലാണ് സഹായം കൈമാറിയത്.
അപകടമുണ്ടായി അഞ്ചുമാസം പിന്നിട്ടിട്ടും മന്ത്റിമാർ ഉറപ്പ് നൽകിയ സാമ്പത്തികസഹായം വിദ്യാർത്ഥികളുടെ കുടുംബത്തിന് ലഭിക്കാത്തത് സംബന്ധിച്ച് 'കേരളകൗമുദി"വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് ആരോഗ്യസർവകലാശാലയിലെ ബനവലന്റ് സ്‌കീമിൽ നിന്ന് വിദ്യാർത്ഥികളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം കൈമാറിയത്. അകാലത്തിൽ പൊലിഞ്ഞ ആറ് സഹപാഠികളുടെയും അമ്മമാരെ ചേർത്തുനിറുത്തണമെന്ന് ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻചാർജ്ജ് ഡോ. ജെസി അദ്ധ്യക്ഷയായി. ആരോഗ്യസർവകലാശാല പ്രൊ വൈസ് ചാൻസലർ ഡോ. സി.പി. വിജയൻ, രജിസ്ട്രാർ എസ്. ഗോപകുമാർ, മുൻ പ്രിൻസിപ്പൽ ഡോ. മിറിയം വർക്കി, പി.ടി.എ പ്രസിഡന്റ് സി. ഗോപകുമാർ, കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് ആഷിക് എന്നിവർ സംസാരിച്ചു. മരിച്ച ആയുഷ് ഷാജിയുടെ കുടുംബത്തിന് പി.ടി.എ നൽകുന്ന വീടിന്റെ സമർപ്പണം 16ന് നടക്കും.
അന്ന് നടന്നതെന്തെന്ന് അമ്മമാർ
ചടങ്ങ് കഴിഞ്ഞിറങ്ങിയ ആരോഗ്യസർവകലാശാല വൈസ് ചാൻസലറോട്, അപകടം നടന്ന രാത്രിയിലെ കാര്യങ്ങളിൽ വ്യക്തയില്ലെന്ന് ആൽവിന്റെ അമ്മ മീന പറഞ്ഞു. മഴ കാരണം അവധിയുണ്ടോ എന്നറിയാൻ ടിവി വച്ചപ്പോഴാണ് മരണവിവരമറിഞ്ഞത്. കോളേജിൽ നിന്നാരും വിളിച്ചില്ല. ക്ലാസ് തുടങ്ങി ഒന്നരമാസത്തിനിടെ രാത്രിയിൽ കാർ വാടകയ്ക്കെടുത്ത് പോകണമെങ്കിൽ, കുട്ടികൾ മുമ്പും ഇങ്ങനെ പോയിട്ടുണ്ടാകാം. അന്ന് ഹോസ്റ്റലിൽ എന്താണ് സംഭവിച്ചതെന്നറിയില്ലെന്നും മീന കണ്ണീരോടെ പറഞ്ഞു. സംഭവദിവസം രാത്രി 7.45ന് ആയുഷ് ഫോൺ വിളിച്ചിരുന്നെന്ന് അമ്മ ഉഷ പറഞ്ഞു. ആയുഷായിരുന്നു മെസ് സെക്രട്ടറി. ആഹാരത്തിൽ പാറ്റയെ കണ്ടതിനാൽ പുറത്ത് ഭക്ഷണം കഴിക്കാൻ പോകുമെന്ന് പറഞ്ഞിരുന്നു. സിനിമയ്ക്ക് പോകുന്ന കാര്യം പറഞ്ഞില്ല. മെസ് സെക്രട്ടറിയായതിനാൽ അടുത്തവർഷം മുതൽ ഭക്ഷണത്തിന് പണം നൽകേണ്ടിവരില്ലെന്നും, അമ്മയ്ക്കും അച്ഛനും ആശുപത്രിയോട് ചേർന്ന് ഷവർമ്മക്കടതുടങ്ങാമെന്നും ആയുഷ് പറഞ്ഞിരുന്നതായി ഉഷ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |