പാനൂർ: തെങ്ങ് മുറിച്ചുമാറ്റുന്നതിനിടയിൽ അപകടത്തിൽപ്പെട്ട് ഒരു മാസത്തോളം ചികിത്സയ്ക്കൊടുവിൽ കോഴിക്കോട് മെഡിക്കൽ വച്ച് മരിച്ച പത്തായക്കുന്നിലെ പുതിയ പറമ്പത്ത് വിനോദിന്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി നാട്ടുകാർ.നാടിന്റെ ഒത്തൊരുമയും കരുതലും ചേർന്നതോടെ വിനോദിന്റെ ഭാര്യ കെ.ഷീജയ്ക്കും മകൾ വേദയ്ക്കും നാട്ടുകാർ നിർമ്മിച്ച തപസ്യ എന്ന വീട് സ്വന്തമായി.
നാട്ടിലെ ഏതുകാര്യത്തിലും ഓടിനടന്നിരുന്ന വിനോദ് നാട്ടുകാർക്ക് അത്രയ്ക്ക് പ്രിയപ്പെട്ടവനായിരുന്നു. ചികിത്സയിലായിരിക്കെ കുടുംബത്തിന്റെ പരിതാപകരമായ അവസ്ഥ മനസ്സിലാക്കിയ നാട്ടുകാർ പത്തായക്കുന്നിലെ വാഗ്ഭടാനന്ദ ഗുരുദേവവിലാസം വായനശാലയിൽ പ്രത്യേകയോഗം ചേർന്ന് ചികിത്സകമ്മിറ്റി രൂപീകരിച്ച് ധനസമാഹരണം നടത്തുന്നതിനിടെയാണ് വിനോദ് മരിച്ചത്. വിനോദ് മരണപ്പെടുന്നതിന് ഏതാനും മാസം മുമ്പ് സ്വന്തമായി വീട് നിർമ്മിക്കാൻ തറ കെട്ടിയിരുന്നു.ഭാര്യയും മകളുമടങ്ങിയ കുടുംബത്തിനു വേണ്ടി ഒരു വീടൊരുക്കി കൊടുക്കാനുള്ള ശ്രമമായിരുന്നു പിന്നീട് നാട്ടുകാരുടേത്. കമ്മിറ്റിയുടെ നിശ്ചയദാർഢ്യവും സഹകരണവും കൊണ്ട് ഒരു വർഷവും കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ വീട് ഒരുങ്ങുകയായിരുന്നു.
ഇന്നലെ കാലത്ത് ടി.രാഘവൻ ശാന്തിയുടെ നേതൃത്വത്തിലുള്ള പൂജാകർമ്മങ്ങൾക്കുശേഷം വീടിന്റെ പാലുകാച്ചിൽ നടന്നു. വിനോദിന്റെ ഭാര്യ കെ.ഷീജയും മകൾ വേദ വിനോദും കുടുംബവും തപസ്യയിൽ ഗൃഹപ്രവേശനം നടത്തുന്നതിന് കെ.പി.മോഹനൻ എം.എൽ.എ , ബിജു എളക്കുഴി എന്നിവരും കമ്മിറ്റി ഭാരവാഹികളടക്കം നിരവധിയാളുകളും സാക്ഷിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |