റാന്നി : പൂർണമായും ഹരിതചട്ടം പാലിച്ച് ഏഴുനിലയിൽ റാന്നിയിൽ കോടതി സമുച്ചയം ഒരുങ്ങുന്നു. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 32 കോടി രൂപയുടെ അന്തിമ അനുമതി ലഭിച്ചതോടെ ടെൻഡർ നടപടികൾ ഉടൻ നടക്കും. ആദ്യം സിവിൽ, ഇലക്ട്രിക്കൽ, ഫയർ, ഇലക്ട്രോണിക്സ് എന്നിവ ഉൾപ്പടെ 28 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. എന്നാൽ ഹരിതചട്ടം പാലിച്ചു പണിയേണ്ട കെട്ടിടത്തിൽ ഇ - കോർട്ടിന് ആവശ്യമായ മാറ്റങ്ങൾ വരുത്താനായി എസ്റ്റിമേറ്റ് പുതുക്കുകയായിരുന്നു. കേരള കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ ആലപ്പുഴ മേഖല ഓഫീസിനാണ് നിർമാണ ചുമതല. കോർപ്പറേഷന്റെ എറണാകുളം മേഖല ഇലക്ട്രിക്കൽ വിഭാഗത്തിനാണ് വൈദ്യുതീകരണത്തിന്റെ മേൽനോട്ടം. സിവിൽ എസ്‌റ്റിമേറ്റ് നേരത്തെ പുതുക്കിയെങ്കിലും സോഫ്റ്റ് വെയർ തകരാർ മൂലം ഇലക്ട്രിക്കൽ എസ്‌റ്റിമേറ്റ് വൈകി. ഇപ്പോൾ നടപടികളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്. പുതുക്കിയ എസ്‌റ്റിമേറ്റിന് കിഫ്ബിയുടെ അനുമതി ലഭിച്ചു.
പരിമിതികൾക്ക് പരിഹാരം
നിലവിലുള്ള കോടതി കെട്ടിടത്തിലെ അപര്യാപ്‌തതകൾക്ക് പരിഹാരമായാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. റാന്നി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, മുൻസിഫ് കോടതി, താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റി എന്നിവയെല്ലാം ഇതോടെ ഒരു കുടക്കീഴിലാകും. രേഖകൾ സൂക്ഷിക്കാനും മറ്റും ഇപ്പോൾ പരിമിതിയുണ്ട്. മഴക്കാലത്ത് മേൽക്കൂരയിലെ ചോർച്ചയും കാലഹരണപ്പെട്ട വയറിംഗും ഏറെ ബുദ്ധിമുട്ടിനിടയാക്കിയിരുന്നു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയും അഡ്വക്കറ്റ് ക്ലാർക്ക് അസോസിയേഷൻ ഓഫീസും പ്രവർത്തിച്ചിരുന്ന കെട്ടിടം പൊളിച്ചു നീക്കിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.
പുതിയ കെട്ടിടത്തിൽ
തൊണ്ടി മുറി, ജഡ്‌ജിമാരുടെ ലോബി, പൊലീസ് റൂം, ബാർ അസോസിയേഷൻ, അഡ്വക്കേറ്റ്സ് ക്ലർക്ക് റൂം, വനിതാ അഭിഭാഷക മുറി, കാന്റീൻ, കലവറ, വെയിറ്റിംഗ് റൂം, ടോയ്‌ലറ്റുകൾ, ശാരീരിക വൈകല്യമുള്ളവരുടെ ടോയ്‌ലറ്റ്, പബ്ലിക് പ്രോസിക്യൂട്ടർമാരുടെ മുറി, ഫയർ, ഇലക്ട്രിക്കൽ കൺട്രോൾ റൂമുകൾ.
.
ഏഴുനില കെട്ടിടം
പുതുക്കിയ എസ്റ്റിമേറ്റ് - 32 കോടി
കേരളകൺസ്ട്രക്ഷൻ കോർപ്പറേഷന്റെ ആലപ്പുഴ
മേഖലാഓഫീസിന് നിർമാണ ചുമതല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |