മുംബയ് : നായകൻ രോഹിത് ശർമ്മയ്ക്ക് പിന്നാലെ ടെസ്റ്റ് ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർ താരം വിരാട് കൊഹ്‌ലിയും. തന്റെ തീരുമാനം രണ്ടാഴ്ച മുന്നേ വിരാട് സെലക്ടർമാരെ അറിയിച്ചിരുന്നു. എന്നാൽ ജൂണിലെ ഇംഗ്ളണ്ട് പര്യടനം കഴിഞ്ഞുമതിയെന്ന സെലക്ടർമാരുടെ നിർദ്ദേശം തള്ളി വിരാട് ഇന്നലെ അടിയന്തരപ്രാബല്യത്തോടെ വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു.
2011ൽ കിംഗ്സ്ടണിൽ വെസ്റ്റ് ഇൻഡീസിനെതിരെ അരങ്ങേറ്റം കുറിച്ച വിരാട് 14 വർഷത്തെ ടെസ്റ്റ് കരിയറിനാണ് വിരാമമിട്ടിരിക്കുന്നത്. ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നൽകിയ നായകനാണ്. നയിച്ച 68 ടെസ്റ്റുകളിൽ 40 എണ്ണത്തിലും വിജയം നേടി. ഈ വർഷം ജനുവരിയിൽ ഓസ്ട്രേലിയയ്ക്ക് എതിരെ സിഡ്നിയിലാണ് അവസാനമായി ടെസ്റ്റ് കളിച്ചത്. വിടവാങ്ങൽ മത്സരത്തിന് കാത്തുനിൽക്കാതെയാണ് വിരാട് വിരമിച്ചത്. ഏഴ് ഇരട്ട സെഞ്ച്വറികളടക്കം 30 സെഞ്ച്വറികൾ ടെസ്റ്റിൽ നേടിയിട്ടുണ്ട്.
സച്ചിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്വാഭാവിക പ്രതിഭയായ വിരാട് കുറച്ചുനാളായി ടെസ്റ്റ് ഫോർമാറ്റിൽ പരീക്ഷണം നേരിട്ടിരുന്നു. കഴിഞ്ഞവർഷം വിൻഡീസിൽ നടന്ന ലോകകപ്പ് നേട്ടത്തിന് ശേഷം ട്വന്റി-20 ഫോർമാറ്റിൽ നിന്ന് വിരമിച്ചിരുന്ന വിരാടും രോഹിതും ഇനി ഏകദിനത്തിൽ മാത്രമാണ് ഇന്ത്യൻ കുപ്പായത്തിലുണ്ടാവുക.
123 ടെസ്റ്റുകൾ
9230 റൺസ്
254* ഉയർന്ന സ്കോർ
46.85 ശരാശരി
30 സെഞ്ച്വറികൾ
31 അർദ്ധസെഞ്ച്വറികൾ
ഈ തീരുമാനമെടുക്കുക എന്നത് ഒട്ടും എളുപ്പമല്ലായിരുന്നു. പക്ഷേ ഇതാണ് ശരി. ടെസ്റ്റ് കരിയറിലേക്ക് തിരിഞ്ഞുനോക്കുമ്പോഴെല്ലാം എന്നിൽ ഒരു പുഞ്ചിരിയുണ്ടാകും.
- വിരാട് കൊഹ്‌ലി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |