സ്കൂൾ സമയമാറ്റം ഈ വർഷമില്ള
ആലപ്പുഴ : ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തുന്ന വിദ്യാലയങ്ങളുടെ അംഗീകാരം റദ്ദാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്ലസ് വൺ അഡ്മിഷനിൽ ഒരുക്രമക്കേടും അനുവദിക്കില്ല. ചില അൺ എയ്ഡഡ് സ്ഥാപനങ്ങൾ മാനേജ്മെന്റ് സീറ്റുകളുടെ പേരിൽ എസ്.എസ്.എൽ.സി ഫലം പുറത്തുവരുന്നതിന് മുമ്പേ അഡ്മിഷൻ പൂർത്തിയാക്കിയിട്ടുണ്ട് പ്ലസ് വൺ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സീറ്റുകൾ കിട്ടും. മലബാർ മേഖലയിലെ സീറ്റ് പ്രശ്നം ഇത്തവണയുണ്ടാകില്ല. പി.ടി.എ ഫണ്ടായി ചില സ്കൂളുകളിൽ 5,000 മുതൽ 10,000 രൂപവരെ വാങ്ങുന്നുണ്ട്. രക്ഷാകർത്താക്കൾ ഒരുകാരണവശാലും പണം നൽകരുത്. അതിന്റെ പേരിൽ ഒരുകുട്ടിയുടെയും അഡ്മിഷൻ തടഞ്ഞുവയ്ക്കില്ല.
സ്കൂൾ സമയമാറ്റം ഈ വർഷമുണ്ടാകില്ല. ലഹരി വിരുദ്ധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും. ക്ലാസ് പ്രവർത്തനസമത്ത് അന്യർ സ്കൂളിൽ പ്രവേശിക്കരുത്. ആവശ്യമെന്ന് കണ്ടാൽ അദ്ധ്യാപകരുടെ സാന്നിദ്ധ്യത്തിൽ കുട്ടികളുടെ ബാഗ് പരിശോധിക്കാം.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ രണ്ടിന് രാവിലെ 9.30ന് കലവൂർ ഗവ. ഹയർസെക്കൻഡറി സ്കളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. എല്ലാ സ്കൂളുകളിലും ഇതിന്റെ തത്സമയ പ്രക്ഷേപണമുണ്ടാകും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |