കുളത്തൂപ്പുഴ: അഞ്ചൽ അലയമൺ കരുകോണിലും സമീപപ്രദേശങ്ങളിലുമുണ്ടായ തെരുവുനായ ആക്രമണത്തിൽ മദ്രസ വിദ്യാർത്ഥികളടക്കം 11 പേർക്ക് കടിയേറ്റു. ഗുരുതരമായി പരിക്കേറ്റ കരുകോൺ സ്വദേശികളായ ബൈജു (42), ഗോപി (48), അഭിജിത് (28) എന്നിവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും സനൽ, അബ്ദുൾ വാഹിദ് (68), ജോയി (52) എന്നിവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. തെരുവുനായയെ പിന്നീട് നാട്ടുകാർ സംഘടിച്ച് അടിച്ചുകൊന്നു.
ഇന്നലെ രാവിലെ 8 ഓടെയായിരുന്നു സംഭവം. കരുകോണിലെ വ്യാപാര സ്ഥാപനത്തിന് സമീപം നിന്ന ഗോപിക്കാണ് ആദ്യം കടിയേറ്റത്. സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട നായ പിന്നീടുള്ള മുക്കാൽ മണിക്കൂറിനുള്ളിലാണ് മദ്രസ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള പത്തുപേരെ കൂടി ആക്രമിച്ചത്.
മറ്റുള്ളവരെ ആക്രമിക്കുന്നത് കണ്ട് വടിയുമായി എത്തിയ ബൈജുവിന് നേരെ തെരുവ് നായ പാഞ്ഞെടുത്തു. റോഡിൽ വീണ ബൈജുവിന്റെ മുഖവും ശരീരവും കടിച്ചുകീറി. മറ്റ് തെരുവ് നായകളെയും വളർത്തുനായകളെയും ഇതിനിടയിൽ കടിച്ചു. ഇതോടെ നാട്ടുകാർ സംഘടിച്ച് നായയെ അടിച്ചുകൊല്ലുകയായിരുന്നു. പേവിഷ ബാധ സംശയിക്കുന്നതിനാൽ നായയുടെ ജഡം പോസ്റ്റ്മോർട്ടത്തിനായി വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി.
പരിക്കേറ്റവരുടെ പ്രാഥമിക ചികിത്സാ ചെലവ് പഞ്ചായത്ത് വഹിക്കും. വളർത്ത് മൃഗങ്ങൾക്ക് കടിയേറ്റതിനാൽ പഞ്ചായത്തിലുടനീളം സമ്പൂർണ വാക്സിനേഷൻ നടത്താൻ മന്ത്രി ജെ.ചിഞ്ചുറാണി നിർദ്ദേശിച്ചു.
എം. ജയശ്രീ, പ്രസിഡന്റ്
അലയമൺ ഗ്രാമപഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |