ഇരിങ്ങാലക്കുട: പഞ്ചാരിമേളത്തിന്റെ പാൽക്കടൽ തീർക്കുന്ന അലയൊലികൾക്ക് ശേഷം തീർത്ഥക്കരയിലെത്തുന്ന എഴുന്നള്ളിപ്പിന് അകമ്പടിയാകുന്നത് ചെമ്പട മേളമാണ്. 11 ദിവസത്തെ ഉത്സവത്തോടനുബന്ധിച്ച് 21 ചെമ്പട മേളങ്ങളാണ് തീർത്ഥക്കരയിൽ കൊട്ടുന്നത്. ശീവേലിക്കും വിളക്കിനും ശേഷം പഞ്ചാരിയുടെ അഞ്ചാംകാലം പടിഞ്ഞാറെ നടയിൽ കൊട്ടിക്കലാശിക്കുന്നതോടെ മേളക്കാർ രൂപകം കൊട്ടി നേരെ ചെമ്പടമേളത്തിലേക്ക് കടക്കും. കുലീപിനി തീർത്ഥക്കരയിലൂടെ പോകുന്നതിനാൽ തീർത്ഥക്കര മേളം എന്ന പേരിലാണ് അറിയപ്പെടുന്നത്. ചുറ്റമ്പലത്തിന്റെ വലത്തെ വാതിലിനടുത്ത് പ്രദക്ഷിണ വഴിയിൽ നടക്കുന്ന ചെമ്പടമേളം തട്ടകത്തിന്റെ വൈകാരികമേളം കൂടിയാണ്. കൂടൽമാണിക്യം ഉത്സവം രൂപകൽപ്പന ചെയ്തുവെന്ന് വിശ്വസിക്കുന്ന ശക്തൻ തമ്പുരാൻ ചെമ്പടമേളം കേൾക്കാൻ വടക്കെ തമ്പുരാൻ കോവിലകത്തിന്റെ പടിഞ്ഞാറെ ഇറയത്ത് നിൽക്കാറുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. വിശാലമായ തീർത്ഥക്കുളത്തിന്റെ സമീപത്ത് നടക്കുന്നതിനാൽ മേളത്തിന്റെ പ്രതിധ്വനി ദേശത്തെവിടെയും അലയടിക്കും. തീർത്ഥക്കര ചെമ്പട മേളം കലാകാരന്മാർക്ക് വ്യക്തി വൈദഗ്ദ്ധ്യം പ്രകടിപ്പിക്കാനുള്ള മത്സര വേദി കൂടിയാണ്. ഇതിനാൽ മേളം പലപ്പോഴും തായമ്പകയുടെ സ്വഭാവം കൈവരിക്കാറുണ്ട്.
കൂടൽമാണിക്യത്തിൽ ഇന്ന്
രാവിലെ എട്ടരയ്ക്ക് ശീവേലി
പുറത്തേ വേദി: ഉച്ചതിരിഞ്ഞ് 1 മുതൽ തിരുവാതിരക്കളി, 4.35ന് ഭരതനാട്യം, 5.05ന് ഭക്തിഗാനമേള, 6.05ന് നൃത്തനൃത്യങ്ങൾ, 6.55ന് ഭരതനാട്യം, 7.15ന് നൃത്തനൃത്യങ്ങൾ, 8.20ന് നൃത്തനൃത്യങ്ങൾ, 8.50ന് ശാസ്ത്രീയനൃത്തം, 9.15ന് മാനസ ജപ ലഹരി.
അകത്തെ വേദി: ഉച്ചതിരിഞ്ഞ് 1 മുതൽ തിരുവാതിരക്കളി, 2.20ന് ഭരതനാട്യം, 3.05ന് ഭരതനാട്യം, 3.55ന് നൃത്തനൃത്യങ്ങൾ,5ന് ഭരതനാട്യം, 6ന് ഇടയ്ക്ക ധ്വനി, 7.30ന് ഭരതനാട്യം, രാത്രി 12ന് ഉഷ ചിത്രലേഖ, ബാണയുദ്ധം, ദുര്യോധനവധം കഥകളി, രാത്രി 9.30ന് വിളക്കെഴുന്നള്ളിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |