തൃശൂർ: ജൂണിന് മുൻപേ മൺസൂണെത്തുമെന്ന കാലാവസ്ഥാ അറിയിപ്പിനിടയിലും മഴക്കാല പൂർവ ശുചീകരണത്തിന് വ്യക്തമായ പ്ലാനില്ലാതെ മുടന്തി കോർപ്പറേഷൻ. 51 ഡിവിഷനിലും മഴക്കാല പൂർവ ശുചീകരണത്തിന് തുടക്കമായിട്ടില്ല. മൈനർ പദ്ധതികൾക്ക് ആവശ്യമായ കാൽലക്ഷത്തോളം രൂപയാണ് ഡിവിഷനുകളിലേക്ക് നൽകിയത്. ശുചീകരണം ഇപ്പോഴെങ്കിലും ആരംഭിച്ചാലേ മഴയ്ക്ക് മുൻപ് പൂർത്തീകരിക്കാനാകൂ. പൂങ്കുന്നം, പുഴയ്ക്കൽ, പാട്ടുരായ്ക്കൽ, പെരിങ്ങാവ്, കോലോത്തുംപാടം, ഇക്കണ്ടവാരിയർ റോഡ്, ശക്തൻ സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് എന്നിവിടങ്ങളിലെല്ലാം മഴക്കാലത്ത് വെള്ളക്കെട്ട് പതിവാണ്. റോഡുവക്കിലെ കാനകൾ തുറന്ന് ശുചീകരിച്ചാലേ വെള്ളക്കെട്ട് ഒഴിവാകൂ. 51 ഡിവിഷനുകളെ കൂർക്കഞ്ചേരി, ഒല്ലൂർ, ഒല്ലൂക്കര, തൃശൂർ, വിൽവട്ടം, അയ്യന്തോൾ, തൃശൂർ മെയിൻ എന്നീ ഏഴ് മേഖലകളാക്കി തിരിച്ചാണ് ശുചീകരണം നടത്താറ്. ശുചീകരണ ടെൻഡർ കൗൺസിൽ അംഗീകരിച്ച ശേഷമേ വർക്ക് ഓർഡർ ഇറങ്ങൂ. തുടർന്നാകും എഗ്രിമെന്റ് വയ്ക്കുക. ഈ നടപടിക്രമങ്ങൾ കഴിഞ്ഞ് പ്രവൃത്തികളിലേക്ക് കടക്കണമെങ്കിൽ ദിവസങ്ങളെടുക്കും.
ഓരോ ഡിവിഷനിലും നാല് ദിവസം വേണം
ഓരോ ഡിവിഷനിലും കാനകളും തോടുകളും ശുചീകരിക്കാൻ നാല് ദിവസമെങ്കിലും വേണം. ശേഷിക്കുന്ന പത്തുനാളിൽ പ്രവൃത്തികൾ തീരുമോയെന്ന ആശങ്കയിലാണ് കൗൺസിലർമാർ. ഒഴുക്ക് നിലച്ച കാനകൾ തുറന്ന് ശുചീകരിച്ചില്ലെങ്കിൽ നഗരം വെള്ളക്കെട്ടിലാകും.
ഓരോ വർഷവും രണ്ടരക്കോടിയോളം രൂപയുടെ പ്രവൃത്തികളാണ് നടത്താറ്. ടെൻഡറും പ്രവൃത്തിയും വൈകുന്നതിനാൽ മഴവെള്ളത്തിൽ മുങ്ങിയ കാനകളിൽ നിന്ന് ഹിറ്റാച്ചി കൊണ്ട് ചെടികളും തടസങ്ങളും നീക്കുന്ന പ്രവൃത്തി മാത്രമാണ് നടക്കാറ്. മണ്ണ് നീക്കാറില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
വലിയ പണികൾ ബാക്കി
മഴയ്ക്ക് മുൻപേ തീർക്കേണ്ട വലിയ പണികൾ മിക്കയിടത്തും ബാക്കിയാണ്. വെള്ളക്കെട്ട് അനുഭവപ്പെടാറുള്ള പൂങ്കുന്നം റോഡിൽ കെ.എസ്.ടി.പിയുടെ പാലം പണി നടക്കുന്നു. നെസ്റ്റോ, ജി മാർട്ട് എന്നിവിടങ്ങൾക്ക് മുൻപിൽ ഒരുഭാഗം റോഡ് ബ്ലോക്ക് ചെയ്താണ് നിർമ്മാണം. മഴക്കാലമായാൽ ഇവിടം ചെളിക്കുളമാകും. ചേറൂരിലെ ഏവന്നൂർ, പെരിങ്ങാവ്, മനവഴി, പാറത്തോട് എന്നിവിടങ്ങളും ശുചീകരിച്ചിട്ടില്ല. പാറത്തോടിൽ മദിരാശി മരം വീണ് കാനയിലെ ഒഴുക്ക് നിലച്ചു. കൂർക്കഞ്ചേരി ഭാഗത്ത് നെടുപുഴ കനാൽ, പനോക്കാരൻ പാടം എല്ലാം ശുചീകരിക്കണം.
കുറുപ്പം റോഡ്
കാനകളില്ലാതെ പണിത കുറുപ്പം റോഡ് നിറഞ്ഞൊഴുകി വ്യാപാരികൾക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നാണ് ആശങ്ക. നഗരത്തിലെവിടെയും കാനകളുടെ സ്ലാബ് തുറന്ന് മണ്ണ് നീക്കാത്തതും ആശങ്കയുണ്ടാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |