പട്ടാമ്പി: നൂറിലധികം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലേക്കുളള ഏക റോഡ് ഗതാഗത യോഗ്യമല്ലാതായിട്ട് വർഷങ്ങൾ പലത് കഴിഞ്ഞിട്ടും പരിഹാരമില്ല. വാഹന യാത്രയും കാൽനട യാത്രയും ഒരുപോലെ ദുരിതത്തിലാണ്. ആനക്കര പഞ്ചായത്തിലെ മുണ്ട്രക്കോട്-നയ്യൂർ റോഡിന്റെ അവസ്ഥയാണിത്. പൊട്ടിപ്പൊളിഞ്ഞ റോഡിൽ ഇരുചക്ര വാഹനങ്ങളും ഓട്ടോ റിക്ഷകളും അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. റോഡിന്റെ ശോചനീയാവസ്ഥ കാരണം വാഹനങ്ങളൊന്നും ഓട്ടം വിളിച്ചാൽ വരാറില്ല. രോഗികകളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനോ മറ്റ് അത്യാവശ്യ കാര്യങ്ങൾക്കോ ഒരു വാഹനം വിളിച്ചാൽ കിട്ടാത്ത അവസ്ഥയാണിപ്പോൾ. മുണ്ട്രക്കോട് നിന്ന് തുടങ്ങി നയ്യൂർ എത്തുന്നതിന് മുമ്പുള്ള 400 മീറ്ററിലേറെ റോഡാണ് പരിപൂർണമായി തകർന്നിരിക്കുന്നത്. വേനൽ മഴ കൂടുതൽ ലഭിച്ചതോടെ കുഴിയിൽ പലയിടത്തും വെള്ളം കെട്ടിനിൽക്കുന്നതിനാൽ അപകടങ്ങൾ വർദ്ധിച്ചു. വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിൽ പറക്കുളം കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകൾ കുഴിച്ചിടാൻ ചാലുകൾ കൂടി കീറിയതോടെ റോഡിന്റെ തകർച്ച പരിപൂർണമായി.11, 12 വാർഡുകളിലൂടെ കടന്ന് പോകുന്ന പാത ആയതിനാൽ വാർഡുകളിലെ ജനപ്രതിനിധികൾ വേണ്ടത്ര ശ്രദ്ധിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. അതേസമയം മുണ്ട്രക്കോട് നയ്യൂർ റോഡ് നവീകരണത്തിന് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ തന്നെ ഫണ്ട് വെച്ചിരുന്നുവെന്നും എന്നാൽ വേനൽമഴ കാരണമാണ് പണി തുടങ്ങാൻ വൈകിയതെന്നും മഴ മാറുന്ന മുറയ്ക്ക് റോഡ് പണി ആരംഭിക്കുമെന്നും ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദും പഞ്ചായത്തംഗം കെ.പി.മുഹമ്മദും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |