അപകടത്തിനിരയായവരുടെ കുടുംബത്തിന് നഷ്ടപരിഹാരം വേണമെന്ന് ആവശ്യം
ചെറുവത്തൂർ( കാസർകോട്): ചെറുവത്തൂർ മട്ടലായിയിൽ ദേശീയപാത നിർമ്മാണത്തിനിടെ കുന്നിടിഞ്ഞുവീണ് പശ്ചിമ ബംഗാൾ സ്വദേശി മിൻഹാജുൽ അലി മിർ മരിച്ച സംഭവത്തിൽ രോഷാകുലരായ അന്യസംസ്ഥാന തൊഴിലാളികൾ ഒന്നടങ്കമെത്തി മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ റോഡ് നിർമ്മാണ വാഹനങ്ങൾ തടഞ്ഞു. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് ബംഗാൾ, ബീഹാർ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ സംഘടിച്ചെത്തി ദേശീയപാത നിർമ്മാണം തടഞ്ഞത്.
അപകടത്തിൽ മരിച്ച പശ്ചിമ ബംഗാൾ സ്വദേശി മിൻഹാജുൽ അലി മിറിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം. മേഘ കൺസ്ട്രക്ഷൻ കമ്പനി വാഗ്ദാനം ചെയ്ത തുക പോരെന്ന് പറഞ്ഞായിരുന്നു തൊഴിലാളികൾ സംഘടിച്ചത്.മട്ടിലായിയിലെ അപകടസ്ഥലത്ത് നിർത്തിയിട്ടിരുന്ന ജെ.സി ബികൾ , ടിപ്പർ ലോറികൾ, കരാർ കമ്പനിയുടെ മറ്റു വാഹനങ്ങൾ എന്നിവ മാറ്റുന്നത് തൊഴിലാളികൾ തടയുകയായിരുന്നു.
അപകടത്തെ തുടർന്ന് സ്ഥലത്ത് പാർശ്വഭിത്തി നിർമ്മാണം നിർത്തിവെക്കാൻ ജില്ലാ കളക്ടർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നിർമ്മാണം നടക്കുന്ന മറ്റു ഭാഗങ്ങളിലേക്ക് വാഹനങ്ങൾ നീക്കുന്നത് തൊഴിലാളികൾ തടയുകയായിരുന്നു.
ആറുലക്ഷം നൽകാൻ ധാരണ
തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്ന് മേഘ കൺസ്ട്രക്ഷൻ കമ്പനി അധികൃതർ ചന്തേര പൊലീസിന്റെ സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചയിൽ മരിച്ച മിൻഹാജുൽ അലി മിറിന്റെ കുടുംബത്തിന് ആറു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ധാരണയായി.യുവാവിന്റെ മൃതദേഹം ബംഗളൂരിൽ നിന്ന് വിമാനമാർഗം നാട്ടിലെത്തിക്കുന്നതിനുള്ള ചിലവും കമ്പനി വഹിക്കും. അപകട ഇൻഷൂറൻസ് തുക സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള നടപടിയും കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് സമരം അവസാനിച്ചത്.
യുവാവിന്റെ മൃതദേഹം ജന്മനാട്ടിലേക്ക്
മിൻഹാജുൽ അലി മിറിന്റെ മൃതദേഹം ചന്തേര പോലീസ് ഇൻക്വസ്റ്റ് നടത്തിയതിന് ശേഷം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കി ഇന്നലെ പയ്യന്നൂർ പ്രീയദർശിനി ആശുപത്രി മോർച്ചറിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ നിന്ന് ഇന്നലെ രാത്രിയോടെ ബംഗ്ളുരു വിമാനത്താവളത്തിൽ എത്തിച്ച് കൽക്കത്തയിലേക്ക് കൊണ്ടുപോകും. ദുരന്തവിവരം അറിഞ്ഞ് ഈയാളുടെ രണ്ടു ബന്ധുക്കൾ ഇന്നലെ ചെറുവത്തൂരിൽ എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |