കൊച്ചി: നിർദ്ധനരോഗികളുടെ പേരിൽ കൊച്ചിയിൽ 'വ്യാജ വികാരി'യുടെ ജീവകാരുണ്യതട്ടിപ്പ് ! ജില്ലയിൽ ഇരയായത് കന്യാസ്ത്രീയടക്കമുള്ള സ്ത്രീകൾ. ഒടുവിൽ കുടുങ്ങിയ രണ്ടുപേരിൽ നിന്നുമാത്രം കൈക്കലാക്കിയത് ഒരു ലക്ഷത്തിലധികം രൂപ. പള്ളി കമ്മിറ്റി അധികൃതരുടെ പരാതിയിൽ കൊച്ചി സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാക്കനാട് ഭാഗത്തെ ഒരു പള്ളിയിലെ പുരോഹിതനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിവരുന്നത്.
മുമ്പെങ്ങും ഈ പള്ളിയുടെ ചുമതല ലഹിക്കാത്ത പുരോഹിതന്റെ ജീവകാരുണ്യപ്പിരിവ്, പള്ളിയിലെ കമ്മിറ്റി ഭാരവാഹികളുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. ഉടൻ അധികൃതർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകി. തിങ്കളാഴ്ച എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത പൊലീസ് ഇരകളിൽ നിന്ന് വിവരം ശേഖരിച്ചുവരികയാണ്. പരാതി നൽകിയിട്ടും തുടക്കത്തിൽ കാര്യമായ അന്വേഷണം ഉണ്ടായില്ലെന്ന ആക്ഷേപം പരാതിക്കാർക്കുണ്ടായിരുന്നു.
തുടർന്ന് ഉന്നത പൊലീസ് മേധാവികളുടെ ശ്രദ്ധയിൽകൊണ്ടുവന്നതോടെയാണ് അന്വേഷണം ഊർജിതമായതെന്ന് ഇവർ പറഞ്ഞു. തട്ടിപ്പുകാരൻ വൈകാതെ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു. നിലവിൽ ഇയാൾ കൈമാറിയ ബാങ്ക് അക്കൗണ്ടും വാട്‌സ്ആപ്പ് നമ്പറും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. ഇയാൾ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും രീതികൾ പരിശോധിച്ചാൽ ഇത് തള്ളിക്കളയാനാകില്ലെന്നും പൊലീസ് പറയുന്നു.
തട്ടിപ്പ് വാട്സ് ആപ്പിലൂടെ
നിർദ്ധനയായ വീട്ടമ്മയുടെ ചികിത്സാ സഹായത്തിന് ധനസഹായം തേടി ഫോണിൽ വിളിക്കുകയാണ് ആദ്യം ചെയ്യുന്നത്. സ്ത്രീകളെ മാത്രമാണ് ഇതിന് തിരഞ്ഞെടുക്കുക. തുടർന്ന് പള്ളിയുടെ വികാരിയാണെന്ന സ്വയം പരിചയപ്പെടുത്തും. ഇത് വിശ്വസിപ്പിക്കാൻ വ്യാജ ലെറ്റർ ഹെഡിൽ തയ്യാറാക്കിയ കത്തും ചികിത്സാ രേഖകളും വാട്‌സ്ആപ്പിലൂടെ കൈമാറും. സംസാരത്തിലൂടെ മയക്കി രോഗിയുടേതാണെന്ന ബാങ്ക് അക്കൗണ്ടും മറ്റും കൈമാറി പണം തട്ടുകയാണ് ചെയ്യുന്നത്. 5000രൂപ മുതൽ പണംകൈമാറിയവരുണ്ട്.
രേഖകളെല്ലാം വ്യാജം
പേര് മുതൽ കൈമാറിയ ആശുപത്രി രേഖകൾ വരെ വ്യാജമാണെന്ന് പ്രഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പള്ളിയുടെ പേരിലുള്ള സമാനമായ ലെറ്റർഹെഡ് പോലും ഏതു വിധേനെ സംഘടിപ്പിച്ചുവെന്നത് പരാതിക്കാരെ ആശ്ചര്യപ്പെടുത്തുന്നു. പള്ളിയുമായി ബന്ധപ്പെട്ടുനിൽക്കുന്നവരെയും സംശയിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |