കൊച്ചി: മനുഷ്യനെ വഹിച്ചുള്ള ഇന്ത്യയുടെ ആദ്യത്തെ സബ്മെഴ്സിബിൾ വാഹനമായ 'മത്സ്യ'യുടെ 6000 മീറ്റർ സമുദ്രയാൻ ആഴക്കടൽ ദൗത്യം 2026 അവസാനത്തോടെ നടത്താനാകുമെന്ന് ആഴക്കടൽ ദൗത്യത്തിന്റെ നോഡൽ ഏജൻസിയായ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഓഷ്യൻ ടെക്നോളജി (എൻ.ഐ.ഒ.ടി) ഡയറക്ടർ ഡോ. ബാലാജി രാമകൃഷ്ണൻ പറഞ്ഞു.
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) ബ്ലൂ ഇക്കോണമിയുമായി ബന്ധപ്പെട്ട ദേശീയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് മുൻ ഡയറക്ടർ ഡോ. സതീഷ് ഷേണായി, വിജ്ഞാന ഭാരതി സെക്രട്ടറി ജനറൽ വിവേകാനന്ദ പൈ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യാനോഗ്രഫി മുൻ ഡയറക്ടർ ഡോ. എസ്. പ്രസന്നകുമാർ, പരിശീലന പരിപാടിയുടെ കോർഡിനേറ്റർ ഡോ. രതീഷ് കുമാർ രവീന്ദ്രൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു.
സമുദ്രയാൻ ദൗത്യം
മൂന്ന് ശാസ്ത്രജ്ഞരെ വഹിച്ചുള്ള ആഴക്കടൽ പര്യവേക്ഷണത്തിനാണ് തയ്യാറെടുക്കുന്നത്. ഇന്ത്യയുടെ തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച ഈ നാലാം തലമുറ അന്തർവാഹിനിയ്ക്ക് 25ടൺ ഭാരമുണ്ട്. സമുദ്രത്തിനടിയിലെ അതിതീവ്ര മർദത്തെയും മറ്റ് പ്രതികൂല സാഹചര്യങ്ങളെയും നേരിടാൻ പാകത്തിലാണ് രൂപകല്പന.
വിവിധ ഘട്ടങ്ങളായാണ് ലോഞ്ചിംഗ് നടത്താനുദ്ദേശിക്കുന്നത്. ഈ വർഷം അവസാനത്തോടെ 500മീറ്റർ ആഴത്തിലേക്കുള്ള പരീക്ഷണം നടത്തും. നാല് മണിക്കൂർ വീതം ആഴക്കടലിലേക്കും തിരിച്ചുവരാനുമായി എടുക്കുമെന്നാണ് കണക്കുക്കൂട്ടൽ. ആഴക്കടൽ മേഖലയിൽ നിന്ന് നിർണായക സാമ്പിളുകൾ ശേഖരിക്കുന്നതിൽ ഇത് സഹായിക്കും.
ആഴക്കടലിലെ ജീവനുള്ളതും അല്ലാത്തതുമായ വിഭവങ്ങളുടെ വിലയിരുത്തൽ
സമഗ്രമായ സമുദ്ര നിരീക്ഷണം
ആഴക്കടൽ ടൂറിസത്തിന്റെ സാദ്ധ്യതകൾക്ക് വഴിതുറക്കൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |