ആലപ്പുഴ: തെരുവുനായ്ക്കളുടെ ആക്രമണങ്ങളും പേവിഷബാധയേറ്റുള്ള മരണങ്ങളും തുടർക്കഥയാകുമ്പോൾ നാടാകെ ഭീതിയിലാണ്. 19ഹോട്ട് സ്പോട്ടുകളുള്ള ജില്ലയിൽ ആകെയുള്ളത് ഒരുവന്ധ്യംകരണ കേന്ദ്രം മാത്രമാണ്. നായ്ക്കളെ പാർപ്പിക്കാൻ പേരിന് പോലും ഒരു ഷെൽട്ടറില്ല. ആലപ്പുഴ നഗരത്തിൽ വന്ധ്യംകരണ കേന്ദ്രം ആരംഭിക്കുമെന്ന് പ്രഖ്യാപനം തുടരുന്നതല്ലാതെ, ഒന്നുമായിട്ടില്ല. നഗരത്തിലെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് മാത്രം ഈ വർഷം മുപ്പതിലധികം പേരെയാണ് തെരുവനായ്ക്കൾ അക്രമിച്ചത്.
മെഡിക്കൽ കോളേജ് ആശുപത്രിയിലും, മാവേലിക്കര ജില്ലാ ആശുപത്രിയിലും മാത്രമുണ്ടായിരുന്ന ഇക്വിൻ റാബീസ് ഇമ്മ്യൂൺ ഗ്ലോബുലിൻ വാക്സിനേഷൻ (ഇ.ആർ.ഐ.ജി) തെരുവുനായ്ക്കളുടെ ആക്രമണം വർദ്ധിച്ചതോടെ താലൂക്ക് ആശുപത്രികളടക്കം എട്ട് ആശുപത്രികളിൽ ലഭ്യമാക്കിയത് മാത്രമാണ് നേരിയ ആശ്വാസം.
പ്രതിരോധ കുത്തിവയ്പ്പെടുത്തിട്ടും എന്തുകൊണ്ട് ജീവൻ രക്ഷിക്കാനാകുന്നില്ലെന്ന ചോദ്യം കുറച്ചുദിവസങ്ങളായി സമൂഹം ആവർത്തിക്കുന്നുണ്ട്. വാക്സിനുകൾ സ്വീകരിക്കുമ്പോൾ പലകാര്യങ്ങളിലും ശ്രദ്ധപുലർത്തണമെന്നതാണ് ഇക്കാര്യത്തിൽ ആരോഗ്യവകുപ്പിന് പറയാനുള്ളത്.
വന്ധ്യംകരണം പരിഹാരമല്ല
1.തെരുവുനായ പ്രശ്നത്തിനുള്ള അടിയന്തര പരിഹാരമാർഗമായി നായ്ക്കളുടെ വന്ധ്യംകരണത്തെ കാണാൻ സാധിക്കില്ല
2.ദീർഘകാലാടിസ്ഥാനത്തിൽ ഒരു പരിധിവരെ നായ്ക്കളുടെ എണ്ണം വർദ്ധിക്കുന്നത് തടയുന്നതിന് മാത്രമാണ് എ.ബി.സി (ആനിമൽ ബർത്ത് കൺട്രോൾ) ഉപകാരപ്പെടുക 3.നായ്ക്കൾ അനിയന്ത്രിതമായി പെരുകിയ സാഹചര്യത്തിൽ എ.ബി.സി പദ്ധതിയുടെ പ്രായോഗികതയും പരിശോധിക്കേണ്ടതുണ്ട്
4.നിലവിലെ സാഹചര്യത്തിൽ വംശവർദ്ധനവ് കുറയണമെങ്കിൽ പത്ത് വർഷം വേണ്ടിവരും
5.അപ്പോഴേക്കും റാബീസ് കേസുകൾ ക്രമാതീതമായി ഉയരുമെന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ മുന്നറിയിപ്പ് നൽകുന്നു
6.അടിയന്തരപരിഹാരമായി പൊതുസ്ഥലങ്ങളിൽ കാണുന്ന അക്രമകാരികളായ നായ്ക്കളെ ഷെൽട്ടർ ചെയ്യണം
വാക്സിനേഷന് സമയം പ്രധാനം
നായയുടെ കടിയേറ്റാൽ പരമാവധി 72 മണിക്കൂറിനുള്ളിൽ വാക്സിൻ സ്വീകരിച്ചിരിക്കണം.
സർക്കാർ മെഡിക്കൽ സ്റ്റോറുകളിൽ രണ്ട് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് തണുപ്പിലാണ് വാക്സിനുകൾ സൂക്ഷിക്കുന്നത്. ഇവ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്നത് തെർമോക്കോൾ പെട്ടിയിൽ ഐസ് ബാഗുകൾ നിക്ഷേപിച്ചാണ്. ഈ ഘട്ടത്തിൽ എന്തെങ്കിലും പോരായ്മകളുണ്ടാകുന്നത് മരുന്നിന്റെ വീര്യത്തെ ബാധിക്കും.
ജില്ലയിൽ വാക്സിൻ ലഭിക്കുന്നത്
മെഡിക്കൽ കോളേജ് ആശുപത്രി
ആലപ്പുഴ ജനറൽ ആശുപത്രി
കടപ്പുറം വനിതാ ശിശു ആശുപത്രി
മാവേലിക്കര ജില്ലാആശുപത്രി
ഹരിപ്പാട്, കായംകുളം, പുളിങ്കുന്ന്,
തുറവൂർ താലൂക്കാശുപത്രികൾ
മാരകമായി മുറിവേൽക്കുന്നവർക്കാണ് ഇ.ആർ.ഐ.സി വാക്സിൻ വേണ്ടി വരുന്നത്. എത്രയും വേഗം വാക്സിൻ സ്വീകരിക്കേണ്ടത് നിർബന്ധമാണ്
- ഡോ.ബി.പത്മകുമാർ, ഫിസിഷ്യൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |