ആലപ്പുഴ : പുതിയ അദ്ധ്യയന വർഷം ആരംഭിക്കാൻ രണ്ടാഴ്ചയിലേറെ മാത്രം ശേഷിക്കെ സ്കൂൾ വിപണികളും സജീവമായി തുടങ്ങി. വിദ്യാർത്ഥികളെ ആകർഷിക്കുന്ന തരവ്വിലുള്ള ബാഗുകളും കുടയും മറ്റുള്ളവയും നിരന്നെങ്കിലും വില രക്ഷിതാക്കളുടെ പോക്കറ്റ് കീറും.
ത്രിവേണി സ്കൂൾ മാർക്കറ്റ് പോലെയുള്ള ഇടങ്ങളാണ് സാധാരണക്കാർക്ക് നേരിയ ആശ്വാസം നൽകുന്നത്. കൺസ്യൂമർഫെഡ് ആലപ്പുഴ ഗവ സർവന്റ്സ് സഹകരണ ബാങ്കുമായി ചേർന്ന് കണ്ണൻവർക്കി പാലത്തിന് സമീപം കയർഫെഡിന്റെ കയർ ക്രാഫ്റ്റ് ഷോറൂമിലാണ് ജില്ലാതല സ്റ്റുഡന്റ്സ് മാർക്കറ്റ് ആരംഭിച്ചത്. ജില്ലയിലാകെ നാൽപ്പത് കേന്ദ്രങ്ങളിലാണ് കൺസ്യൂമർ ഫെഡ് ത്രിവേണി സ്കൂൾ മാർക്കറ്റുകൾ പ്രവർത്തിക്കുക. ഇവിടെ 20 മുതൽ 50 ശതമാനം വരെ വിലക്കുറവുണ്ടാകും.
തുടർച്ചയായ അഞ്ചാംവർഷവും സ്കൂൾ വിപണയുമായി ജില്ലാ പൊലീസ് എംപ്ലോയീസ് സഹകരണ സംഘം രംഗത്തുണ്ട്. എല്ലാ ഉത്പന്നങ്ങൾക്കും പൊതുവിപണിയെക്കാൾ 50 ശതമാനം വരെ വിലക്കിഴിവാണ് ഇവിടെ വാഗ്ദാനം ചെയ്യുന്നത്. ജീവനക്കാർക്ക് പുറമേ പൊതുജനങ്ങൾക്കും സാധനങ്ങൾ വിലക്കിഴിവിൽ വാങ്ങാം. ജീവനക്കാർക്ക് സ്കൂൾ സാധനങ്ങൾ വാങ്ങുന്നതിനായി സംഘം പലിശരഹിതമായി പതിനാലായിരം രൂപ വായ്പയും നൽകുന്നുണ്ട്. ഇത്തവണ ആലപ്പുഴ ടി.ഡി സ്കൂളിലാണ് മാർക്കറ്റ് സജ്ജീകരിച്ചിരിക്കുന്നത്. പുതിയ അദ്ധ്യയന വർഷം ആരംഭിച്ചശേഷം ജൂൺ 30 വരെ ജില്ലാ പൊലീസ് എംപ്ലോയീസ് സഹകരണ സംഘം ഓഫീസിലേക്ക് മാർക്കറ്റിന്റെ പ്രവർത്തനം മാറ്റും.
സ്കൂൾ മാർക്കറ്റുകൾ
ജില്ലാതല സ്കൂൾ മാർക്കറ്റ് : 1
സർവീസ് സൊസൈറ്റികൾ : 25
ത്രിവേണി സ്റ്റോറുകൾ: 14
ആകെ: 40
നോട്ടുബുക്കുകൾ: ₹21മുതൽ
പേന : ₹2 മുതൽ
ബാഗുകൾ: ₹300 മുതൽ
പെൻസിലുകൾ : ₹1 മുതൽ
കുടകൾ : ₹200 മുതൽ
കൺസ്യൂമർ ഫെഡിൽ നിന്നും ഉത്പാദന കേന്ദ്രങ്ങളിൽ നിന്നും നേരിട്ടെടുത്ത് ലാഭം ഈടാക്കാതെയാണ് സാധനങ്ങൾ വിൽക്കുന്നത്-
- വി.വിവേക്, പ്രസിഡന്റ് ,പൊലീസ് എംപ്ലോയീസ് സഹകരണസംഘം
ഇപ്രാവശ്യം ജില്ലയിൽ 40 കേന്ദ്രങ്ങളിലാണ് സ്കൂൾ മാർക്കറ്റുകൾ പ്രവർത്തിക്കുന്നത്. സാധാരണക്കാർക്ക് ആശ്വാസമാകുവിധം വിലക്കുറവിൽ എല്ലാ ഉത്പന്നങ്ങളും ലഭ്യമാണ്
- സുനിൽ, റീജിയണൽ മാനേജർ, കൺസ്യുമർഫെഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |