ഓഡിറ്റ് കണക്കുകൾ പുറത്ത്
കൊച്ചി: തൃക്കാക്കര നഗരസഭയിലെ കോടികളുടെ ക്രമക്കേട് പുറത്തുവന്നതിനു പിന്നാലെ തൊട്ടടുത്ത കളമശേരിയിലും കോടിക്കണക്കിനു രൂപയുടെ ക്രമക്കേടുകളെന്ന് ഓഡിറ്റ് റിപ്പോർട്ട്. നഗരസഭയുടെ 2023- 2024 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് ക്രമക്കേടുകളും നിരുത്തരവാദപരമായ സമീപനങ്ങളും അക്കമിട്ട് നിരത്തുന്നത്.
ഓഡിറ്റ് റിപ്പോർട്ട് പ്രകാരം നഗരസഭയുടെ 2.30 കോടി രൂപ കാണാനില്ല! 2010 മുതൽ വിവിധ ബാങ്കുകളിൽ നഗരസഭയുടേതായി നിക്ഷേപിച്ച തുകകളാണ് ഇതുവരെ ബാങ്കിൽ ക്രെഡിറ്റാകാത്തത്. 2010 ഏപ്രിൽ 16 മുതൽ 2024 ജനുവരി 19 വരെ എസ്.ബി.ടിയിൽ നിക്ഷേപിച്ച 29 ചെക്കുകളുടെ തുകയായ 11,08,237 രൂപ, 2014 മാർച്ച് 31ലെ രസീത് പ്രകാരം എസ്.ബി.ടി റെഗുലർ പെൻഷൻ ഇനത്തിൽ നിക്ഷേപിച്ച 11,01,496 രൂപ, 2024 ജനുവരിയിൽ എച്ച്.ഡി.എഫ്.സി ഇ.പി.ഒ.എസിൽ നിക്ഷേപിച്ച രണ്ട് ചെക്കുകൾ പ്രകാരമുള്ള 4,881 രൂപ, 2023 ആഗസ്റ്റ് എട്ട് മുതൽ ഫെഡറൽ ബാങ്കിൽ നിക്ഷേപിച്ച 2,08,49,673 രൂപയുടെ ചെക്കുകൾ എന്നിവയാണ് അക്കൗണ്ടിലേക്ക് ക്രെഡിറ്റാകാത്തത്.
2,30,64,287 രൂപയാണ് ഇത്തരത്തിൽ അപ്രത്യക്ഷമായത്. ചെക്കുകൾ സ്വീകരിച്ചതിനും രസീതിനുമെല്ലാം തെളിവുണ്ട്. അക്കൗണ്ടിലെത്തിയില്ല. ഇതെങ്ങോട്ട് പോയെന്ന ചോദ്യത്തിന് അധികൃതർക്കാർക്ക് ഉത്തരവുമില്ല. നികുതിയിനത്തിലും ഫീസിനത്തിലും ലഭിച്ച തുകയാണിത്. ഇത്രയേറെ ഗുരുതരമായ പ്രശ്‌നം സംബന്ധിച്ച് നഗരസഭ അതത് സമയത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ലെന്നും ഓഡിറ്റ് പരിശോധനയിൽ വ്യക്തമായി.
കെട്ടിട വാടകയ്ക്ക് കരാർ പോലുമില്ല
നഗരസഭയുടെ ഉടമസ്ഥതയിലുള്ളത് 89 കെട്ടിടങ്ങൾ. 58 കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയതിൽ 15 പേരുമായി വാടകക്കരാർ പോലുമുല്ല. 43 പേരുമായി മാത്രമാണ് കരാറുള്ളത്. വാടകയിനത്തിൽ മുൻ വർഷങ്ങളിലെ 9,93,317 രൂപയും 2023-24ലെ 8,62,150 രൂപയും ഉൾപ്പെടെ 18,55,467 രൂപയാണ് കുടിശികയുള്ളത്.
വാടക സംബന്ധിച്ചുള്ള രേഖകളിലും ഓഡിറ്റ് വിഭാഗം ക്രമക്കേട് കണ്ടെത്തി. വാടക പിരിക്കുന്നതിനുള്ള സോഫ്റ്റ്‌വെയറിൽ 39,42,621 രൂപയാണ് കുടിശിക. ബാലൻസ് ഷീറ്റിലെത്തിയപ്പോൾ ഇത് 18,55,467 ആയി. കാണാതെ പോയത് 20,87,154 രൂപ.
വസ്തു നികുതിയിൽ 1.98 കോടി കുടിശിക
2023-24 സാമ്പത്തിക വർഷത്തിലെ ഓഡിറ്റിൽ കെട്ടിടങ്ങളുടെ വസ്തു കുടിശികയിനത്തിൽ ഒരു കോടി 98 ലക്ഷം രൂപയാണ് കിട്ടാനുള്ളത്. 2023-24ൽ മാത്രം 91.45 ലക്ഷവും മുൻ വർഷങ്ങളിലേത് ഒരു കോടി ഏഴ് ലക്ഷത്തിലേറെയുമാണ് പിരിച്ചെടുക്കാനുള്ളത്.
നാളെ: അംഗീകാരമില്ലാത്ത പദ്ധതികൾ, രേഖകളില്ലാത്ത ആരോഗ്യ പ്രവർത്തനങ്ങൾ, കണക്കില്ലാത്ത ദുരിതാശ്വാസ ഫണ്ട്...സർവത്ര ക്രമക്കേട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |