കണ്ണൂർ:
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേള ബുധനാഴ്ച സമാപിക്കും. രാത്രി ഏഴ് മണിക്ക് കലാസന്ധ്യയിൽ പന്തളം ബാലനും സംഘവും അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും.
സർക്കാരിന്റെ ഒൻപത് വർഷത്തെ ഭരണ നേട്ടങ്ങൾ ജനങ്ങളിൽ നേരിട്ട് എത്തിക്കാൻ കഴിഞ്ഞ മേളയിൽ വൻ ജനതിരക്കാണ് അനുഭവപ്പെട്ടത്. വിവിധ സേവനങ്ങൾക്കും വകുപ്പുകളുടെ പദ്ധതികൾ അറിയാനും വിനോദങ്ങൾക്കും മത്സരങ്ങൾക്കും കലാപരിപാടികൾ ആസ്വദിക്കാനും മിനി തിയേറ്ററിൽ ചലച്ചിത്രം കാണുവാനും ജനം ഒഴുകിയെത്തി.
സമാപന സമ്മേളനം വൈകുന്നേരം അഞ്ച് മണിക്ക് ഡോ. വി. ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമ്മാനദാനം നിർവഹിക്കും. കെ.വി സുമേഷ് എം.എൽ.എ അദ്ധ്യക്ഷനാകും.
രാവിലെ പത്ത് മണിക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ കരിയർ ഓറിയന്റേഷൻ വർക്ക്ഷോപ്പ്, 11.30 ന് പാൽ ഉൽപാദനത്തിൽ സ്വയം പര്യാപ്തത: കിടാവ് മുതൽ കിടാവ് വരെ എന്ന വിഷയത്തിൽ സെമിനാർ നടക്കും. ഉച്ചയ്ക്ക് രണ്ട് മുതൽ വനിതാ ശിശുവികസന വകുപ്പിന്റെ പാവ നാടകം, എക്സൈസ് വകുപ്പിന്റെ തെരുവ് നാടകം, യോഗാ ഡാൻസ്, ജെ.സി സ്പെഷ്യൽ സ്കൂളിന്റെ പരിപാടികൾ, ജാബിർ പാലത്തുംകരയും സംഘവും അവതരിപ്പിക്കുന്ന കോൽക്കളി, ദഫ് മുട്ട്, പരിചയമുട്ട്, മടമ്പം മേരിലാന്റ് സ്കൂളിന്റെ മാർഗംകളി, നാടൻ പാട്ട്, മൂകാഭിനയം എന്നിവ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |