മലപ്പുറം: റേഷൻ കടകളിൽ അരി ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾ എത്തിക്കുന്ന വാതിൽപ്പടി വിതരണക്കാരുടെ നാല് മാസത്തെ വേതനം കുടിശ്ശികയായതിനാൽ പ്രവർത്തനം നിറുത്തിവച്ചത് പ്രതിസന്ധി സൃഷ്ടിക്കുന്നു. ജില്ലയിലെ പല റേഷൻ കടകളിലും രണ്ടാഴ്ചത്തെ സാധനങ്ങൾ മാത്രമാണ് സ്റ്റോക്കുള്ളത്. അതിന് മുമ്പ് കുടിശ്ശിക തീർത്ത് പ്രവർത്തനം പുനരാരംഭിച്ചില്ലെങ്കിൽ റേഷൻ കടകളിലേക്കുള്ള സാധനങ്ങളുടെ വിതരണം മുടങ്ങും.
ജില്ലയിൽ 10 വാതിൽപ്പടി വിതരണക്കാരാണുള്ളത്. കഴിഞ്ഞ നാല് മാസത്തെ വേതനമാണ് ഇവർക്ക് ലഭിക്കാനുള്ളത്. ഇത് ഏകദേശം അഞ്ച് കോടിയിലധികം രൂപ വരും. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ആറാം തവണയാണ് കരാറുകാർ പണിമുടക്കുന്നത്. ഇതുമൂലം, ഉപഭോക്താക്കൾ മാസത്തിൽ പല തവണകളായി എത്തി സാധനം വാങ്ങേണ്ട സ്ഥിതിയാണ്.
കരാറുകാർ പണിമുടക്കിലേക്ക് നീങ്ങിയതോടെ ജില്ലയിലെ ആകെ വരുന്ന 1,235 റേഷൻ വ്യാപാരികളും ആശങ്കയിലാണ്. 45 ക്വിന്റൽ അരി വിറ്റാൽ ഒരു റേഷൻ വ്യാപാരിക്ക് 18,000 രൂപയും തുടർന്നുള്ള ഓരോ ക്വിന്റലിനും 180 രൂപയും ലഭിക്കും. 45 ക്വിന്റലിൽ കുറവെങ്കിൽ 8,500 രൂപയും തുടർന്നുള്ള ഓരോ ക്വിന്റലിനും 220 രൂപയും ലഭിക്കും. ഈ തുകയിൽ നിന്നാണ് ജീവനക്കാർക്കുള്ള വേതനവും നൽകേണ്ടത്. ഒന്നോ രണ്ടോ ജീവനക്കാരാണ് റേഷൻ കടകളിലുള്ളത്. മാത്രമല്ല, ഇലക്ട്രിസിറ്റി-വാട്ടർ ബിൽ, ക്ഷേമനിധിയിലേക്കുള്ള 200 രൂപയടക്കം അടയ്ക്കുകയും വേണം. ആവശ്യത്തിന് സാധനങ്ങൾ ഇല്ലെങ്കിൽ അവരുടെ വേതനത്തെയും ബാധിക്കുന്ന സ്ഥിതിയാണ്. വെള്ളക്കാർഡുകാർക്കുള്ള അരി വിഹിതം അഞ്ച് കിലോയിൽ നിന്ന് രണ്ടാക്കി വെട്ടിക്കുറച്ചതും നീല കാർഡിനുള്ള നാല് കിലോ സ്‌പെഷ്യൽ അരി നിറുത്തലാക്കിയതും റേഷൻ വ്യാപാരികളുടെ വേതനത്തെ ബാധിച്ചിട്ടുണ്ട്.
ഒരു ക്വിന്റൽ അരി കയറ്റുന്നതിന് 17 രൂപയാണ് ചുമട്ട് തൊഴിലാളികൾക്ക് ലഭിക്കുന്നത്. സമരം തുടർന്നാൽ ഇവർക്ക് കൂലിയില്ലാത്ത സ്ഥിതി വരും.
ദുരിതമാണ്
എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ നിന്ന് സാധനമെടുക്കാൻ പ്രാദേശിക ലോറികൾക്ക് മാത്രമാണ് അനുമതി. കരാറുകാരുടെ ലോറികൾ ഗോഡൗണിനകത്ത് പ്രവേശിപ്പിക്കില്ല. ലോഡ് എടുത്താൽ ഉടൻ ലോറിയുടമയ്ക്ക് പണം നൽകണം. ഇത് നൽകേണ്ടത് കരാറുകാരാണ്.
കടം വാങ്ങിയാണ് പലരും പണം നൽകുന്നത്. കൃത്യമായി വേതനം ലഭിക്കാത്തതിനാൽ കരാറുകാർക്കിത് അധിക ബാദ്ധ്യതയാണ്.
കരാറുകാരുടെ സമരം തീർന്നില്ലെങ്കിൽ റേഷൻ കടകൾ കാലിയാവുന്ന സാഹചര്യമുണ്ടാവും. അതോടെ, റേഷൻ വിതരണം നിറുത്തി വയ്‌ക്കേണ്ടി വരും.
മണി, റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |