കൊല്ലം: സ്കൂൾ തുറക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ വിപണിയും ഉണർന്നു. ബാഗും കുടയും പഠനോപകരണങ്ങളും കടകളിൽ നിരന്നുകഴിഞ്ഞു. കൂടാതെ നോട്ട് ബുക്ക്, സ്‌നാക്‌സ് ബോക്‌സ്, പേപ്പർറോൾ, നെയിം സ്ലിപ്പ്, പേന, പെൻസിൽ, ഇൻസ്ട്രുമെന്റ് ബോക്‌സ്, ടിഫിൻ ബോക്‌സ്, വാട്ടർബോട്ടിൽ തുടങ്ങിയവ കാലാനുസൃതമായ മാറ്റങ്ങളോടെ ലഭ്യമാണ്.
ഛോട്ടാഭീം, സ്‌പൈഡർമാൻ, ഡോറ, ബാർബി, ക്യാപ്ടൻ അമേരിക്ക, ഹൽക് തുടങ്ങിയ കുട്ടികളുടെ ഹീറോസാണ് ബാഗിൽ വിപണിയിലെ താരങ്ങൾ. വാട്ടർ ബോട്ടിലുകളും കുടയുമെല്ലാം ഇതേ രീതിയിലുള്ളവയാണ്. കഴിഞ്ഞമാസം വിപണി ആരംഭിച്ചെങ്കിലും കനത്ത വെയിൽ കച്ചവടത്തിന് തിരിച്ചടിയായി. നിലവിൽ വൈകുന്നേരങ്ങളിലാണ് തിരക്ക് അനുഭവപ്പെടുന്നത്.
എല്ലാ ഇനങ്ങൾക്കും കഴിഞ്ഞ വർഷത്തേക്കാൾ അല്പം വില വർദ്ധിച്ചിട്ടുണ്ടെങ്കിലും കച്ചവടത്തെ ബാധിച്ചിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. ബാഗിന് ബ്രാൻഡ് അനുസരിച്ച് ശരാശരി 500 മുതൽ 2000 രൂപ വരെയാണ് വില. അനിമേഷൻ ചിത്രമുള്ള ത്രീഡി ബാഗുകൾക്ക് 850 രൂപക്ക് മുകളിലാണ് വില. ബോക്സുകൾക്ക് 100 രൂപ മുതലും നോട്ട് ബുക്ക് ചെറുതിന് 25 രൂപ മുതലുമാണ് വില. കോംബോ ഓഫറുകളും ലഭ്യമാണ്. ഈ മാസം അവസാനത്തോടെ തിരക്ക് കൂടുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ.
സ്റ്റീൽ ബോട്ടിലിനോട് പ്രിയം
സ്റ്റീൽബോട്ടിലുകളാണ് ഏറെപ്പേരും വാങ്ങുന്നത്. 150 മുതലാണ് വില. ഇത്തവണ സ്റ്റീൽ ലഞ്ച് ബോക്‌സുകളും കൂടുതലായി എത്തിയിട്ടുണ്ട്. മടക്കി ഉപയോഗിക്കാൻ കഴിയുന്ന വാട്ടർ ബോട്ടിലുകൾക്കും ആവശ്യക്കാരുണ്ട്. ചൂട് പോവാത്ത രീതിയിലുള്ള ലഞ്ച് ബോക്സുകൾക്കും ഡിമാന്റുണ്ട്.
കുടകളിലും വൈവിദ്ധ്യം
മഴവിൽക്കുട, പ്രിന്റഡ് കുടകൾ എന്നിങ്ങനെ നീളുന്നു കുട വൈവിദ്ധ്യങ്ങൾ. 280 മുതൽ 1,500 രൂപവരെ വിലയുള്ള കുടകൾ വിപണിയിലുണ്ട്. മൂന്ന്, അഞ്ച് ഫോൾഡുകളുള്ള കുടകൾക്കും പ്രായവ്യത്യാസമില്ലാതെ ഉപയോഗിക്കുന്ന കാലൻകുടകൾക്കും ആവശ്യക്കാരേറെ. ഓൺലൈനിലും കച്ചവടം തകൃതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |