കൊല്ലം: പുള്ളിക്കട കോളനിയിലെ കുടുംബങ്ങളുടെ പുനരധിവാസം പ്രതിസന്ധിയിലാക്കി ഭൂമിക്ക് കൊള്ളവില ആവശ്യപ്പെട്ട് റെയിൽവേ. കോളനിയിലെ തങ്ങളുടെ ഉടമസ്ഥതയിലുള്ള 4.5 ഏക്കർ സ്ഥലത്തിന് സെന്റിന് ഏകദേശം ആറ് ലക്ഷം രൂപ നിരക്കിൽ 27.5 കോടി നൽകണമെന്ന നിലപാടിലാണ് റെയിൽവേ. റവന്യു വകുപ്പ് ഈ സ്ഥലത്തെ സെന്റിന് 1.10 ലക്ഷം രൂപ മാത്രമാണ് കണക്കാക്കിയിരുന്നത്.
ആകെ ആറ് ഏക്കർ സ്ഥലത്താണ് പുള്ളിക്കട കോളനി സ്ഥിതി ചെയ്യുന്നത്. ഇതിൽ 4.5 ഏക്കർ സ്ഥലമാണ് റെയിൽവേയുടേത്. ബാക്കി ഒരേക്കർ റവന്യു പുറമ്പോക്കും അരയേക്കർ കായൽ പുറമ്പോക്കുമാണ്. ആകെ 264 ഷെഡുകളാണ് കോളനിയിലുള്ളത്. ഇതിൽ 150 ഷെഡുകൾ റെയിൽവേയുടെ ഉടമസ്ഥതയിലുള്ള 2.60 ഏക്കർ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലം മാത്രം വിട്ടുനൽകണമെന്ന കോർപ്പറേഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആവശ്യവും റെയിൽവേ അംഗീകരിക്കുന്നില്ല.
റോഡിൽ നിന്ന് കോളനിയിലേക്ക് വർഷങ്ങളായി വഴിയായി ഉപയോഗിക്കുന്ന 4.5 ഏക്കർ ഭൂമിയും ഏറ്റെടുക്കണമെന്ന നിലപാടിലാണ് റെയിൽവേ. പുള്ളിക്കട കോളനി ഏറ്റെടുത്ത് അവിടെ നിലവിലെ കുടുംബങ്ങൾക്ക് ഫ്ലാറ്റ് നിർമ്മിച്ച് നൽകാനാണ് കോർപ്പറേഷന്റെ പദ്ധതി.
സ്ഥലം കൈമാറുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ കളക്ടറുടെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്നിരുന്നു. റെയിൽവേ ഭീമമായ തുക ആവശ്യപ്പെട്ടതോടെ പ്രശ്നം മുഖ്യമന്ത്രിക്ക് വിടാൻ തീരുമാനിച്ചു. ഭൂമിയുടെ വിശദാംശങ്ങൾ സഹിതമുള്ള വിവരങ്ങൾ ജില്ലാ ഭരണകൂടം മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറും. ഇനി മുഖ്യമന്ത്രിയും റെയിൽവേയും തമ്മിലാകും തുടർ ചർച്ച.
റെയിൽവേ തൊഴിലാളികളുടെ പിന്മുറക്കാർ
പതിറ്റാണ്ടുകൾ മുമ്പ് റെയിൽവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തമിഴ്നാട്ടിൽ നിന്ന് എത്തിച്ചവരെ പാർപ്പിച്ചതോടെയാണ് പുള്ളിക്കട കോളിനി രൂപപ്പെട്ടത്. അവരുടെ പിന്മുറക്കാരാണ് പരിതാപകരമായ സാഹചര്യത്തിൽ ഇപ്പോൾ ഇവിടെ താമസിക്കുന്നത്.
ആകെ - 6 ഏക്കർ
റെയിൽവേയുടേത് - 4.5 ഏക്കർ
ആകെ കുടുംബങ്ങൾ - 264
റെയിൽവേ ഭൂമിയിൽ - 150 കുടുംബങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |