കൊച്ചി: കളമശ്ശേരി നഗരസഭയിലെ വരവ് ചെലവ് കണക്കുകളിലും സാമ്പത്തിക ഇടപാടുകളിലും ഓഡിറ്റ് വിഭാഗം കണ്ടെത്തിയത് വൻ ക്രമക്കേട്. ലഭിച്ച ചെക്കുകൾ ഹാജരാക്കിയിട്ടും അക്കൗണ്ടിൽ ക്രെഡിറ്റാകാതെ ഉണ്ടായിരുന്നത് 2.30 കോടിയായിരുന്നെങ്കിൽ ചെക്കുകൾ ബാങ്കിൽ ഹാജരാക്കാതെ കാലഹരണപ്പെട്ട ഇനത്തിൽ നഷ്ടമായത് 43,56,104 രൂപ.
ദുരിതാശ്വാസ നിധിയിലെ കണക്കുകൾ വാർഷിക കണക്കിൽ ഉൾപ്പെടുത്താത്തയും ക്രമക്കേട്. ബാങ്ക് ഒഫ് ഇന്ത്യയിൽ ദുരിതാശ്വാസ നിധിക്ക് വേണ്ടി തുടങ്ങിയ അക്കൗണ്ടിൽ മുന്നിരുപ്പായി 2,097,50 രൂപയും നീക്കിയിരിപ്പായി 2,15,748 രൂപയുമുണ്ടെങ്കിലും വാർഷിക കണക്കിലില്ല. വസ്തു നികുതി പുനർ നിർണയിക്കാനും നടപടിയില്ല. ഇതോടെ വസ്തു നികുതി കുടിശിക 1,98,46,099.
നഗരസഭയിൽ സ്ഥാപിച്ചിട്ടുള്ള മൊബൈൽ ടവറുകളുടെ വസ്തു നികുതി കുടിശിക ഇനത്തിൽ 2020-21 മുതൽ 5,29,167 രൂപയുണ്ടെങ്കിലും ഒരു രൂപപോലും ഈടാക്കിയിട്ടില്ല. ലൈസൻസ് ഫീസ് കുടിശികയും 26,68,979 രൂപ ഈടാക്കാനുണ്ട്.
ഭരണകക്ഷി അംഗങ്ങൾ കൈക്കൂലിക്ക് സമാനമായി പണം വാങ്ങി കണ്ണടയ്ക്കുകയാണെന്ന ആരോപണം നിലനിൽക്കെയാണ് ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നത്.
ബയോബിന്നിലും തട്ടിപ്പ്
ബയോബിന്നുകൾ വാങ്ങാനുള്ള പദ്ധതിയിലുൾപ്പെടെ ദശലക്ഷകണക്കിനു രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്. രണ്ട് ഘട്ടങ്ങളിലായി ഒമേഗ ഇക്കോടക്ക് എന്ന കോയമ്പത്തൂർ ആസ്ഥാനമായ സ്ഥാപനത്തിൽ നിന്ന് 10,421 ബയോബിന്നുകൾ (6082+4339) വാങ്ങാനാണ് നഗരസഭ തീരുമാനിച്ചത്. ഇതിൽ ഉപഭോക്തൃ വിഹിതമായി ഈടാക്കേണ്ടിയിരുന്നത് 12,62,015 രൂപ. എന്നാൽ ഈടാക്കിയത് 11,10,095 രൂപ മാത്രം. നഗരസഭ അധികമായി ചെലവാക്കിയത് 1,51,920 രൂപയോളമുണ്ട്.
10,421 ബിന്നുകളുടെ ഉപഭോക്തൃ പട്ടികയുമില്ല. രണ്ടാം ഘട്ടം 90,03,425 ചെലവാക്കി ബിന്നിന്റെ വിശദാംശങ്ങളുമില്ല. 86,79,976 രൂപ നഗരസഭ ഇതിനായി നൽകേണ്ടിയിരുന്നുന്നു. ഇതിൽ 32,60,051 രൂപ നൽകാനുണ്ടെന്നാണ് കണക്ക്. എന്നാൽ നഗരസഭ അടങ്കലായി ഉൾപ്പെടുത്തിയത് 35,83,982 രൂപ. 3,23,931 രൂപയ്ക്കും കണക്കില്ല
വയോമിത്രം പദ്ധതിക്കും കണക്കില്ല
വയോമിത്രം പദ്ധതിക്കായി 18,00,000 രൂപ ചെലവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഗുണഭോക്താക്കളുടെ വിവരം, മരുന്ന് വാങ്ങി നൽകിയതിന്റെ രസീത് എന്നിവ ലഭ്യമല്ല.
സുപ്രധാന കണ്ടെത്തലുകൾ
1. അംഗീകാരമില്ലാത്ത പൊതുമരാമത്ത് പ്രവൃത്തികൾക്കായി ചെലവിട്ടത് 43 ലക്ഷത്തിലേറെ. സ്വകാര്യ മാളുകളുടെ മുന്നിൽ പ്രത്യേക താത്പര്യ പ്രകാരം ടൈൽ വിരിച്ചു നൽകിയതിന്റെ കണക്കില്ല.
2. ആരോഗ്യ ജാഗ്രതാ പ്രവർത്തനത്തിന് ചെലവായത് 8.40 ലക്ഷമെന്ന് പക്ഷെ വിശദമായ രേഖകളില്ല. ഓഡിറ്റിന് ഹാജരാക്കിയത് 2022-23ലെ രേഖകൾ.
3. ജീവനക്കാരുടെ തൊഴിൽ നികുതി അടക്കുന്നതിൽ വരുത്തിയ വീഴ്ച മൂലം നഗരസഭയ്ക്ക് നഷ്ടം 1,40,050 രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |