കണ്ണൂർ :എട്ടുവർഷം കഴിഞ്ഞിട്ടും പൂർത്തീകരിക്കാതെ പഴശ്ശി സാഗർ ചെറുകിട ജല വൈദ്യുത പദ്ധതി . 2017ൽ ആരംഭിച്ച പദ്ധതിയുടെ സിവിൽജോലികൾ 42.67 ശതമാനവും ഇലക്ട്രോ മെക്കാനിക്കൽ പ്രവൃത്തികൾ 33 ശതമാനവും മാത്രമാണ് ഇതുവരെ പൂർത്തിയായത്.പദ്ധതിയുടെ ആകെ പുരോഗതി 39.23 ശതമാനവും. പദ്ധതി മുന്നോട്ടുപോകാത്തതിനെ തുടർന്ന് നിർമ്മാണകരാർ റദ്ദാക്കിയിരുന്നു. സിവിൽ നിർമ്മാണപ്രവൃത്തികൾക്ക് ടെൻഡർ ക്ഷണിച്ചത് മാത്രമാണ്
പദ്ധതി സംബന്ധിച്ച ഏക വിശേഷം.
മറ്റ് വൈദ്യുത പദ്ധതികൾ പോലെ കൂറ്റൻ അണക്കെട്ടോ, നെടുനീളൻ കനാലുകളോ പഴശി സാഗർ പദ്ധതിക്കില്ല. എന്നിട്ടും പദ്ധതി പൂർത്തിയാകാത്തതാണ് അത്ഭുതപ്പടുത്തുന്നത്.കാലതാമസം നേരിടുന്ന ഇതടക്കമുള്ള ചെറുകിട വൈദ്യുത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനും
പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനുമായി വൈദ്യുതവകുപ്പ് ടെക്നിക്കൽ കമ്മറ്റി രൂപീകരിച്ച് റിവ്യൂ മിറ്റിംഗുകൾ നടത്തിയിരുന്നു. കരാറുകാർ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിച്ചുവരുന്നതായി വൈദ്യുതി വകുപ്പ് അധികൃതർ പറഞ്ഞു.നിശ്ചിത പുരോഗതി കൈവരിക്കാൻ സാധിക്കാത്ത കരാറുകൾ റദ്ദാക്കി പുതിയ ടെൻഡർ ക്ഷണിക്കുകയാണ് വൈദ്യുതവകുപ്പ്. പദ്ധതികളിലുള്ള ഭൗമശാസ്ത്രപരമായ വെല്ലുവിളികൾ വിദഗ്ധ ഏജൻസികളുടെ സഹായത്തോടെ പരിഹരിച്ച് വരികയാണ്.പദ്ധതികൾ വൈകുന്നതു മൂലമുണ്ടാകുന്ന ചിലവ് ഉപഭോക്താക്കളിൽ നിന്നും ഈടാക്കാൻ പാടില്ലെന്ന് റെഗുലറ്ററി കമ്മിഷൻ ബോർഡിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പൂർത്തിയാകാത്തത് 15 ചെറുകിട പദ്ധതികൾ
വിവിധയിടങ്ങളിലായി ഏകദേശം പതിനഞ്ചോളം ചെറുകിട പദ്ധതികൾ പഴശ്ശി സാഗറിനെ പോലെ എങ്ങുമെത്താതെ കിടക്കുകയാണ്. വടക്കെ മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതിയായി ചന്ദനക്കാംപാറയിലെ വഞ്ചിയത്ത് നിർമ്മാണം തുടങ്ങിയത് 1993ലാണ്. 31ാം വർഷത്തിലും ഇതിന്റെ നിർമ്മാണം തുടങ്ങിയേടത്ത് തന്നെയാണ്.
പയ്യാവൂർ, എരുവേശി പഞ്ചായത്തുകളിലേക്ക് ആവശ്യമായ വൈദ്യുതിക്കാണ് ഈ പദ്ധതി തുടങ്ങിയത്.
പാതിവഴിയിലായ ചെറുകിട പദ്ധതികൾ
പദ്ധതി - ഉത്പാദനശേഷി (മെഗാവാട്ട്)
അടക്കാത്തോട് (3 ),
കൊക്കമുള്ള് (2)
കൈതക്കൊല്ലി ഡൈവേർഷൻ (10)
കാഞ്ഞിരക്കൊല്ലി (5)
മുക്കട്ടത്തോട് (3)
പെരുവ (2)
ചാത്തമല (1)
ഉരുട്ടി പുഴ (1)
കോഴിച്ചാൽ (1)
ഫർലോങ്ക (1)
കാലങ്കി (1)
ഓടപുഴ (1)
പെരുവ (1)
രണ്ടാംകടവ് (1 )
25.16 മില്യൺ യൂണിറ്റ്
പദ്ധതിയിൽ നിന്ന് 25.16 മില്യൻ യൂണിറ്റ് വൈദ്യുതിയാണ് പ്രതീക്ഷിക്കുന്നത്. പ്രതിവർഷം സ്ഥാപിത ശേഷി 7.5 മെഗാവാട്ട് പഴശ്ശി ഇറിഗേഷൻ പദ്ധതിയിൽ മഴക്കാലത്ത് ഷട്ടർ അടച്ച് ശേഖരിച്ച് നിർത്തുന്ന വെള്ളം പ്രധാന തുരങ്കം വഴി മറ്റ് മൂന്ന് തുരങ്കങ്ങളിലേക്ക് കടത്തിവിട്ടാണ് വൈദ്യുതി ഉത്പാദനം നടത്തുന്നത്. ജൂൺ മുതൽ നവംബർ വരെയുള്ള 6 മാസമാണ് പ്രധാനമായും വൈദ്യുതോത്പാദനം. ജലവിഭവ വകുപ്പിനു കീഴിലുള്ള പഴശി പദ്ധതിയുടെ 3.05 ഹെക്ടർ സ്ഥലമാണ് വൈദ്യുത പദ്ധതിക്കായി ഉപയോഗപ്പെടുത്തുന്നത്. 2.5 മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകളാണ് വൈദ്യുതി ഉത്പാദനത്തിനായി ഉപയോഗിക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |