കൊയിലാണ്ടി: മണ്ണിടിച്ചിൽ ഭീഷണിയിൽ നിന്ന് രക്ഷവേണമെന്ന് ആവശ്യവുമായി കുന്ന്യോറ മലയിൽ ജനങ്ങൾ സമരരംഗത്ത്. സമരം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ നിർമ്മാണ കമ്പനിയും ദേശീയ പാത അതോറിറ്റിയും സമരത്തെ കണ്ടില്ലന്ന് നടിച്ച് നിർമ്മാണവുമായി മുന്നോട്ട് പോകുകയാണ്. കഴിഞ്ഞ ദിവസം വാഹനം തടയുകയും ചെയ്തിരുന്നു. ബൈപ്പാസ് നിർമ്മാണത്തിൻ്റെ ഭാഗമായി കുന്ന്യോറ മല കീറിമുറിച്ചാണ് റോഡ് കടന്ന് പോയത്. കുന്നിൻ്റെ ഇരുഭാഗങ്ങളിലുമായി ഇരുപതോളം കുടുംബങ്ങൾ കഴിയുന്നുണ്ട്. കഴിഞ്ഞ മഴക്കാലത്ത് പലയിടങ്ങളിലായി മണ്ണിടിച്ചിലുണ്ടായിരുന്നു. മണ്ണിടിച്ചിൽ തടയാൻ നിർമ്മാണ കമ്പനി സോയിൽ നെയിലിംഗ് ചെയ്തു. പക്ഷേ വടകരയിൽ സോയിൽ നെയിലിംഗ് തകർന്നതോടെ കുന്ന്യോറ മലയിലും ആശങ്കപെരുകി. നെയിലുകൾ പല വീടുകളുടേയും അടിത്തറയിളക്കുന്ന മട്ടിലായിരുന്ന് തുളച്ച് കയറിയത്. ജനരോഷം ഉയർന്നതോടെ കലക്ടർ ഇടപെടുകയും തുടർന്ന് പണി നിർത്തിവെക്കുകയായിരുന്നു. കലക്ടറുമായി നടന്ന ചർച്ചയിൽ സ്ഥലം കമ്പനി ഏറ്റെടുത്ത് നഷ്ടപരിഹാരം നല്കണമെന്നായിരുന്ന് വാർഡ് കൗൺസിലർ കെ.എം സുമതി ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടത്. എന്നാൽ അതൊന്നും വകവെക്കാതെ കമ്പനി നിർമ്മാണം പുനരാരംഭിക്കുകയായിരുന്നു. തുടർന്ന് കുന്ന്യോറ മലയിലെ കുടുംബങ്ങൾ സമരമാരംഭിക്കുകയും തിങ്കളാഴ്ച കമ്പനിയുടെ വാഹനം തടയുകയും ചെയ്തിരുന്നു. വടകരയിലും മുക്കാളിയിലും സോയിൽ നെയിലിംഗിന് പകരം കോൺക്രീറ്റ് വാൾ പണിയാനാണ് കമ്പനി തീരുമാനിച്ചത്. അതുപോലെ കുന്ന്യോറ മലയിൽ കോൺക്രീറ്റ് ഭിത്തിയാണ് സുരക്ഷിതമെന്ന് സമരക്കാർ പറയുന്നു. കുന്ന്യോറ മലയിലെ പടിഞ്ഞാറ് ഭാഗത്ത് നിർമ്മിച്ച റോഡും അപകടഭീഷണി ഉയർത്തുകയാണെന്നും സുരക്ഷാ സംവിധാനങ്ങൾ പാലിക്കാതെയാണ് റോഡ് പണിതതെന്നും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സമരം ശക്തിപ്പെടുത്തുമെന്ന് സമരസമിതി ചെയർപേഴ്സൺ കെ.എം സുമതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |