കാസർകോട്:കാഞ്ഞങ്ങാട് കേന്ദ്രമായി പ്രവർത്തിച്ചുവന്നിരുന്ന വ്യാജരേഖ നിർമ്മാണകേന്ദ്രത്തിലെ റെയ്ഡുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്ന് വിവരം. ഇവിടെ നിന്നും കണ്ടെടുത്ത രേഖകൾ അന്വേഷണസംഘം വിശദമായി പരിശോധിച്ചുവരികയാണ്. കാഞ്ഞങ്ങാട് കൊവ്വൽ പള്ളിയിലെ കെ. സന്തോഷ് കുമാർ (45) ചീമേനി മുഴക്കോം നന്ദാവനത്ത് താമസിക്കുന്ന പി രവീന്ദ്രൻ (51) ഹൊസ്ദുർഗ് കടപ്പുറത്തെ എച്ച്.കെ ഷിഹാബ് (38) എന്നിവരെയാണ് ഈ കേസിൽ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
കേസിന്റെ വ്യാപ്തി പരിശോധിച്ച ശേഷം കാസർകോട് ജില്ലാ പൊലീസ് മേധാവി ബി വി വിജയ് ഭരത് റെഡി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്നാണ് സൂചന. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ചയോളം നിരീക്ഷണം നടത്തിയ ശേഷമാണ് ചൊവ്വാഴ്ച പൊലീസ് ഇവിടെ റെയ്ഡ് നടത്തിയത്.സംഘത്തിൽ നിന്ന് വ്യാജ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ചവരെയെല്ലാം കേസിൽ പ്രതിയാക്കുന്നതിന് പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്. റെയ്ഡിൽ പിടിച്ചെടുത്ത ലാപ്ടോപ്, ഹാർഡ് ഡിസ്ക്ക്, ഫയൽ ചെയ്ത ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് കോപ്പികൾ തുടങ്ങിയവയെല്ലാം അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. വ്യാജ രേഖ നിർമ്മാണ കേന്ദ്രത്തിൽ നിന്നും ആയിരത്തോളം സർട്ടിഫിക്കറ്റുകൾ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇവിടെ നിന്നും നൽകിയ സർട്ടിഫിക്കറ്റുകളുടെ വിവരം ശേഖരിക്കുന്നതിന് സൈബർ പൊലീസിന്റെ സഹായവും അന്വേഷണസംഘം തേടിയിട്ടുണ്ട്.
ഗൾഫിലെ ആവശ്യത്തിന് മാത്രമെന്ന് പ്രതികൾ
പ്രധാനമായും ഗൾഫിലെ ആവശ്യത്തിന് വേണ്ടിയാണ് സർട്ടിഫിക്കറ്റുകൾ നൽകിയിരുന്നതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. അഞ്ഞൂറു രൂപയാണ് ഇതിന് ഈടാക്കിയിരുന്നതെന്നും സംഘം മൊഴി നൽകിയിരുന്നു. എന്നാൽ അന്വേഷണ സംഘം ഈ മൊഴികൾ മുഖവിലയ്ക്ക് എടുത്തിട്ടില്ല. ഉന്നത ബിരുദവും ഇന്റർനാഷണൽ സാങ്കേതിക പരിജ്ഞാനയോഗ്യതയും അടക്കമുള്ള സർട്ടിഫിക്കറ്റിന്റെ വലുപ്പം നോക്കി വൻ തുക തന്നെ സംഘം കൈപ്പറ്റിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
പിടിക്കപ്പെടാതിരിക്കാൻ പ്രത്യേകം ഹാർഡ് ഡിസ്ക്ക്
പെട്ടെന്നുള്ള പരിശോധനയിൽ പിടിക്കപ്പെടാതിരിക്കാൻ പ്രത്യേകം ഹാർഡ് ഡിസ്ക്ക് ആണ് സംഘം വ്യാജരേഖ നിർമ്മാണത്തിനായി ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സ്ഥാപനത്തിലോ പ്രതികളുടെ വീടുകളിലോ ഉള്ള കമ്പ്യുട്ടറിലോ ലാപ് ടോപ്പിലോ വ്യാജരേഖകളൊന്നും ഫയൽ ചെയ്തിട്ടില്ല. പ്രത്യേക ഹാർഡ് ഡിസ്ക്ക് ഉണ്ടാക്കി അതിൽ സർട്ടിഫിക്കറ്റ് നിർമ്മിച്ച ശേഷം മൊബൈൽ ഫോണിലേക്ക് മാറ്റി മൂന്നാം പ്രതി കെ.എച്ച്.ഷിഹാബിന്റെ മൊബൈൽ ഫോണിലേക്ക് അയച്ചുകൊടുത്താണ് പ്രിന്റ് എടുത്തിരുന്നത്. സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യാനുള്ള ആധുനിക സംവിധാനങ്ങളെല്ലാം ഷിഹാബിന്റെ ഹൊസ്ദുർഗ് കടപ്പുറത്തെ വീട്ടിൽ രഹസ്യമായി സജ്ജീകരിച്ചിരുന്നു. ഒർജിനൽ സർട്ടിഫിക്കറ്റിനെ വെല്ലുന്ന രീതിയിൽ എല്ലാ മുദ്രകളും കൃത്യമായി വ്യാജ സർട്ടിഫിക്കറ്റുകളിൽ കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |