ഉദ്ഘാടനംശനിയാഴ്ച
ഇടുക്കി : ജില്ലയുടെ കുടിയേറ്റത്തിന്റെയും കുടിയേറ്റക്കാരുടെയും ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കുടിയേറ്റ സ്മാരക ടൂറിസം വില്ലേജിന്റെ ഉദ്ഘാടനംശനിയാഴ്ച രാവിലെ 10.30 ന് ഇടുക്കി പാർക്കിൽ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. ഇൻസ്റ്റലേഷൻ ഓഫ് ഫോട്ടോ ഫ്രെയിംസ് അറ്റ് 7 ലൊക്കേഷൻസ് ഇടുക്കി പദ്ധതിയുടെ ഉദ്ഘാടനം ഹിൽ വ്യൂ പാർക്കിലും മന്ത്രി നിർവഹിക്കും. ഇടുക്കി ആർച്ച് ഡാമിന് സമീപമാണ് കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ്.
പത്ത്കോടിയുടെ
പദ്ധതി
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഉദ്യാനപദ്ധതിയോട് ചേർന്നുള്ള അഞ്ച് ഏക്കറിലാണ് വില്ലേജ്. പത്ത് കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന ടൂറിസം വകുപ്പ് 2019 ലാണ് അനുമതി നൽകിയത്. ഒന്നാം ഘട്ടമായി അനുവദിച്ച 3 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പൂർത്തിയായത്.
ഇരുപതാം നൂറ്റാണ്ടിന്റെ പിറവിയോടെ ഇടുക്കിയുടെ മലമടക്കുകളിലേക്ക് ആരംഭിച്ച കർഷക കുടിയേറ്റത്തിന്റെയും കുടിയിറക്ക് നീക്കങ്ങളുടെയും തുടർന്നുള്ള ജീവിതത്തിന്റെയും സ്മരണകളുണർത്തുന്ന ശിൽപ്പങ്ങളും കൊത്തുപണികളുമടങ്ങിയ ഇടുക്കിയുടെ ഭൂതകാലമാണ് കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ്.
കുടിയേറ്റ കർഷകന്റെ രൂപമാണ് സ്മാരക വില്ലേജിന്റെ പ്രവേശന കവാടം. ഇവിടെ നിന്നും കരിങ്കല്ല് പാകിയ നടപ്പാതയിലൂടെ മുകളിലേക്ക് നടന്നു കയറിയാൽ 6 ഇടങ്ങളിലായി വിവിധ ശിൽപ്പങ്ങളോടു കൂടിയ കാഴ്ചകൾ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. കോൺക്രീറ്റിലാണ് ജീവസ്സുറ്റ പ്രതിമകളും രൂപങ്ങളും നിർമിച്ചിരിക്കുന്നത്. എ.കെ.ജിയും ഫാദർ വടക്കനും, ഗ്രാമങ്ങളും, കാർഷികവൃത്തിയും, ഉരുൾപൊട്ടലിന്റെ ഭീകരതയുമൊക്കെ ഇവിടെയുണ്ട്. ഏറ്റവും മുകളിലായി സ്മാരക മ്യൂസിയവും അതോടൊപ്പം ഒരു കോഫി ഷോപ്പുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
മുപ്പത്തി ആറരയടി ഉയരത്തിൽ നിർമ്മിച്ചിരിക്കുന്ന പ്രവേശനകവാടമാണ് ആദ്യ ആകർഷണം.
അവിടുന്ന് കരിങ്കൽ പാതയിലൂടെ മന്നോട്ട് നീങ്ങിയാൽ എ.കെ.ജി കർഷകരോട് സംവദിക്കുന്ന കാഴ്ച കാണാം.
കുടിയിറക്കിനെതിരായി നടന്ന ശക്തമായ സമരത്തിന്റെ ദൃശ്യാവിഷ്‌കാരവുമുണ്ട്. വന്യമൃഗങ്ങളോട് പടപൊരുതി ജീവിതം തുടങ്ങിയ പിൻതലമുറക്കാരുടെ ചരിത്രവും ആ കാലഘട്ടത്തിലെ കൃഷിരീതികൾ വിവരിക്കുന്ന ദൃശ്യങ്ങളുമുണ്ട്. പ്രകൃതിദുരന്തങ്ങളാൽ കഷ്ടപ്പെടുകയും എല്ലാ ദുരിതങ്ങളെയും അതിജീവിച്ച് ജീവിതം കെട്ടിപ്പടുത്ത ജനതയുടെ പോരാട്ടത്തിന്റെ കഥയുമുണ്ട്. ശിൽപ്പങ്ങൾക്ക് മികച്ച ലൈറ്റ് സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഇരിപ്പിടങ്ങളും പാതയോരങ്ങളിൽ ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ ഉദ്യാനവും കുട്ടികൾക്കായി പാർക്കും ആരംഭിക്കും.
തദ്ദേശീയരും വിദേശീയരുമായ കൂടുതൽ വിനോദസഞ്ചാരികളെ ഇടുക്കിയിലേക്ക് ആകർഷിക്കാനായി 'ഇൻസ്റ്റാലേഷൻ ഓഫ് ഫോട്ടോഫ്രെയിംസ് അറ്റ് 7 ലൊക്കേഷൻസ് ഇടുക്കി' എന്ന പദ്ധതിക്കും തുടക്കം കുറിക്കുകയാണ്. 2022 ലാണ് ടൂറിസം വകുപ്പ് പദ്ധതിക്ക് 38,17,116 രൂപയുടെ ഭരണാനുമതി നൽകിയത്. രാമക്കൽമേട് പാഞ്ചാലിമേട്, വാഗമൺ അഡ്വഞ്ചർ പാർക്ക്, ഹിൽവ്യൂ പാർക്ക് ഇടുക്കി, ശ്രീനാരായണപുരം, അരുവിക്കുഴി, വാഗമൺ മൊട്ടക്കുന്ന് എന്നിവിടങ്ങളിലാണ് ഫോട്ടോഫ്രെയിംസ് സ്ഥാപിക്കുന്നത്.
കുടിയേറ്റ സ്മാരക ടൂറിസം വില്ലേജിലേക്കുള്ള പ്രവേശനകവാടം
ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഫോട്ടോ ഫ്രെയിമുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |