തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്നവർക്കും, മ്യൂസിയത്തിലും കനകക്കുന്നിലും പ്രഭാത സായാഹ്നങ്ങൾ ചെലവഴിക്കാനെത്തുന്നവർക്കും പറയാനുള്ളത് ഒറ്റക്കാര്യമാണ്. തെരുവുനായ്ക്കളുടെ കടിയേൽക്കാതെ സൂക്ഷിച്ചോണമെന്ന്. അത്രയ്ക്കും ആശങ്കകളാണ് കൂട്ടത്തോടെ അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായ്ക്കൾ ഉയർത്തുന്നത്.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒ.പി വിഭാഗം,ഫാർമസി,മോർച്ചറി, എസ്.എ.ടിയുടെയും ആർ.സി.സിയുടെയും പരിസരങ്ങൾ എന്നിവിടങ്ങളിലെല്ലാം നായ്ക്കൾ കൂട്ടത്തോടെയാണ് അലഞ്ഞുതിരിയുന്നത്. മിക്കപ്പോഴും ആശുപത്രിയിലെത്തുന്ന രോഗികളെയും മറ്റുള്ളവരെയും ആക്രമിക്കാൻ ശ്രമിക്കുന്നതിനെതിരെ പരാതി ഉയരുമെങ്കിലും നടപടിയൊന്നുമുണ്ടാകാറില്ല. രാത്രിയോടെ ഇവ കൂടുതലും റോഡുകളിലേക്കിറങ്ങും. കാൽനട യാത്രക്കാരെയും ഇരുചക്ര വാഹനങ്ങളിലെത്തുന്നവരെയും ആക്രമിക്കുന്നു. മ്യൂസിയത്തും കനകക്കുന്ന് കൊട്ടാരത്തിന്റെ പരിസരങ്ങളിലും ഇവയുടെ ആക്രമണം പതിവാണെന്ന് പരാതി ഉയർന്നിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയാണ് ആക്രമണം കൂടുതലും. ഇതിനെതിരെ പരാതിപ്പെട്ടാലും അധികൃതരും നഗരസഭാ ജീവനക്കാരും നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. പകൽ സമയങ്ങളിൽ പാർക്കിലും മൃഗശാലാ പരിസരത്തുമായി കറങ്ങിനടക്കുന്ന നായ്ക്കൾ രാത്രിയോടെ റോഡിലേക്കിറങ്ങി പ്രശ്നമുണ്ടാക്കുന്നു. ജനറൽ ആശുപത്രി പരിസരം, പേട്ട,കുന്നുകുഴി,ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളേജ് പരിസരങ്ങളിലും തെരുവുനായ്ക്കളുടെ പ്രശ്നം രൂക്ഷമാണ്.
വന്ധ്യംകരണം കുറവ്
നഗരത്തിൽ പേട്ടയിൽ മാത്രമാണ് വന്ധ്യംകരണമുള്ളത്. അതിനാൽ വളരെ കുറച്ച് നായ്ക്കളെ മാത്രമെ പിടികൂടി എത്തിക്കാറുള്ളൂ. വണ്ടിത്തടത്തെ കേന്ദ്രം ആധുനികവത്കരണത്തിനായി അടച്ചിട്ടിട്ട് മാസങ്ങളായി. നഗരസഭയുടെ നേതൃത്വത്തിൽ മുൻപ് മൊബൈൽ വാഹനങ്ങളും പട്ടിപിടുത്തക്കാരും പലയിടങ്ങളിൽ നിന്ന് നായ്ക്കളെ പിടികൂടാറുണ്ടായിരുന്നെങ്കിലും അതിപ്പോൾ പേരിന് മാത്രമായി. അതിനാൽ തെരുവുനായ്ക്കളുടെ എണ്ണം നാൾക്കുനാൾ പെരുകുകയാണെന്നും നാട്ടുകാർ പറയുന്നു.
ഇറച്ചി അവശിഷ്ടങ്ങൾ ധാരാളം
ചിക്കൻ സെന്ററുകളിൽ നിന്നുള്ള ഇറച്ചി അവശിഷ്ടങ്ങൾ ചിലർ നായ്ക്കൾക്ക് എത്തിച്ചുനൽകുന്നതിനാലാണ് നായ്ക്കൾ കൂട്ടത്തോടെ കഴിയുന്നതെന്ന് നഗരസഭ അധികൃതർ പറയുന്നു. സി.സി ടിവികളും ലൈറ്റുകളുമില്ലാത്ത സ്ഥലങ്ങളിലെത്തിച്ചാണ് ഇവ നായ്ക്കൾക്ക് നൽകുന്നത്. അല്ലാത്ത ഭാഗങ്ങളിൽ മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ അടിയിലേക്ക് ഇട്ടുകൊടുക്കുന്നു. എസ്.എ.പി ക്യാമ്പിന്റെ പരിസരങ്ങളിലും കനക നഗറിലേക്കുള്ള റോഡരികിലും ഇത്തരത്തിലുള്ള സ്‌പോട്ടുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഈ ഭാഗങ്ങളിലാണ് നായ്ക്കൾ കൂട്ടമായെത്താറുള്ളത്. ഇവയെ സംരക്ഷിക്കുന്നതിന് മൃഗസ്നേഹികൾ നടത്തുന്ന ഇടപെടലുകളും പ്രശ്നമാകുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു.
വിമാനത്താവളത്തിലെ റൺവേയിലും
തെരുവുനായ; അന്വേഷണം ആരംഭിച്ചു
ശംഖുംമുഖം: വിമാനത്താവളത്തിലെ റൺവേക്ക് സമീപത്തുള്ള റാമ്പിൽ തെരുവുനായ കയറിയതിനെ തുടർന്ന് സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം വിമാനം ലാൻഡ് ചെയ്യുന്നതിനിടെയാണ് റാമ്പിൽ നായയെ കണ്ടെത്തിയത്. തുടർന്ന് വിമാനം നിറുത്തിയിടാൻ എയർട്രാഫിക് കൺട്രോൾ റൂമിൽ നിന്ന് അടിയന്തര സന്ദേശം നൽകി അപകടം ഒഴിവാക്കുകയായിരുന്നു. ഇത് സുരക്ഷാ ലംഘനമാണെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഇതുകൂടാതെ, നായ റൺവേയിലൂടെ കടക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതും അധികൃതർ ഗൗരവമായാണ് എടുത്തിട്ടുള്ളത്. റൺവേയോട് ചേർന്നുള്ള രാജീവ്ഗാന്ധി ഫ്ളൈയിംഗ് ക്ളബിന് അടുത്തുള്ള മതിലിന്റെ നിർമ്മാണം നടക്കുന്നതുമായി ബന്ധപ്പെട്ട് ഈ ഭാഗത്തെ ഗേറ്റ് തുറന്നിരുന്നു. അതുവഴിയാണ് തെരുവുനായ അകത്തുകടന്നതെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |