കൊല്ലം: പ്രതിയാകാതെ ജയിൽ കയറാനോ? തൂക്കുമരത്തിന്റെ പ്രവർത്തനം നേരിട്ട് അനുഭവിച്ചറിയണോ? എങ്കിൽ ആശ്രാമം മൈതാനത്തെ എന്റെ കേരളം പ്രദർശന നഗരിയിലെ ജയിൽ വകുപ്പിന്റെ സ്റ്റാളിൽ എത്തിയാൽ മതി. തീം സ്റ്റാൾ, പ്രദർശന വിപണന സ്റ്റാൾ, ഫ്രീഡം ഫുഡ് കോർട്ട് എന്നീ സ്റ്റാളുകളാണ് ജില്ലാ ജയിൽ അധികൃതർ ഒരുക്കിയിട്ടുള്ളത്.
ലഹരി വസ്തുക്കളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഗെയിമിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടുള്ള ഗെയിം കാർഡ് കിട്ടുന്നവർക്കാണ് തൂക്കുമരത്തിന്റെ പ്രവർത്തന മാതൃകയിൽ വധശിക്ഷയ്ക്ക് വിധേയമാക്കുന്നതിന്റെ ദൃശ്യ-ശ്രവ്യ അനുഭവം (വി.ആർ എക്സ്പീരിയൻ) നേരിട്ട് മനസിലാക്കാൻ അവസരം ലഭിക്കുക. കൂടാതെ ജയിലിനുള്ളിലെ സെൽ റൂമിന്റെ മാതൃക, കേസിൽപ്പെട്ട് ജയിലിനുള്ളിൽ പ്രവേശിക്കപ്പെട്ടിട്ടുള്ള അന്തേവാസികൾക്കും ബന്ധുക്കൾക്കും തമ്മിൽ കൂടിക്കാഴ്ച നടത്തുന്ന ഇന്റർവ്യൂ റൂമിന്റെ മാതൃക, ജയിലിൽ നിന്ന് വിഡിയോ കോൺഫറൻസിംഗ് വഴി കോടതികളിൽ പ്രതികളെ ഹാജരാക്കുന്നതിനായുള്ള വിഡിയോ കോൺഫെറൻസിംഗ് സ്റ്റുഡിയോയുടെ മാതൃക എന്നിവയും കാണാം.
ജില്ലാ ജയിലിന്റെ പ്രവർത്തന മാതൃക കൂടാതെ കൊട്ടാരക്കര സ്‌പെഷ്യൽ സബ് ജയിലിന്റെ ചെറു മാതൃക, തൂക്കുമരത്തിന്റെ ചെറുമാതൃക, യഥാർത്ഥ തൂക്കുകയർ എന്നിവയും സ്റ്റാളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ ദുരന്ത ഫലങ്ങൾ സന്ദർശകരെ ബോദ്ധ്യമാകുന്ന ബോദ്ധവത്കരണ ഗെയിമുകളും ഉണ്ട്. സെൽഫി പോയിന്റുകളും സജ്ജമാക്കിയിട്ടുണ്ട്.
ജയിൽ അന്തേവാസികൾ നിർമ്മിച്ച കരകൗശല ഉത്പന്നങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. കളിപ്പാട്ടങ്ങൾ, ഫർണിച്ചറുകൾ, വസ്ത്രങ്ങൾ, സോപ്പുകൾ, ഫിനോയിൽ, തേൻ എന്നിവ ഇവിടെ നിന്ന് വാങ്ങാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |