തന്നെ നീചമായി ആക്രമിച്ച ബെയ്ലിൻ ദാസിനെതിരെ തുറന്നപോരാട്ടത്തിലാണ് ശ്യാമിലി. നേരിട്ട അതിക്രമത്തെക്കുറിച്ചും അതിനിടയാക്കിയ സാഹചര്യത്തെക്കുറിച്ചും ശ്യാമിലി സംസാരിക്കുന്നു.
സംഭവിച്ചത് എന്താണ്?
മൂന്നുവർഷമായി ഞാൻ ഈ ഓഫീസിലുണ്ട്. അദ്ദേഹത്തിന്റെ പഴയൊരു ജൂനിയർ അഡ്വ. മിഥുന മൂന്നാഴ്ച മുമ്പ് തിരികെവന്നു. അവരുമായി എനിക്ക് പ്രശ്നമൊന്നുമില്ല. എന്നാൽ, സാർ സ്ഥലത്തില്ലാതിരുന്ന ദിവസം ഞാൻ ഫയൽ അവരുടെ മുഖത്ത് വലിച്ചെറിഞ്ഞെന്ന് കള്ളം പറഞ്ഞു. അതുകേട്ട് ഞാൻ ഓഫീസിൽ വരേണ്ടെന്ന് പറഞ്ഞു. എന്നാൽ, കഴിഞ്ഞ വെള്ളിയാഴ്ച സാർ വിളിച്ച് സോറി പറഞ്ഞു. അങ്ങനെയാണ് വീണ്ടും വന്നത്. സാറിനോട് എന്തിനാണ് എന്നോട് വരേണ്ടെന്ന് പറഞ്ഞതെന്ന് ചോദിച്ചു. അപ്പോഴും സോറി പറഞ്ഞു. അഡ്വ. മിഥുനയെ പറഞ്ഞ് വിലക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു. സാർ തയ്യാറായില്ല. ഞാൻ സാറിന്റെ മുന്നിൽ വച്ച് മിഥുനയോട് എന്റെ കാര്യത്തിൽ ഇടപെടരുതെന്നും ജോലിചെയ്തിട്ട് പോകണമെന്നും പറഞ്ഞു. ഇതാണ് പെട്ടന്ന് സാറിന് പ്രകോപനമായത്.
എന്തുകൊണ്ട് പൊലീസിനെ വിളിച്ചില്ല?
സംഭവത്തിനു പിന്നാലെ ഞാൻ ഭർത്താവിനെയും സഹോദരനെയും ഫോണിൽ വിളിച്ചു. അവർ എത്തുന്നതു വരെ സാറിനെ ഞാൻ തടഞ്ഞുവച്ചു. അവർ എത്തി സാറിനോട് ദേഷ്യപ്പെട്ടു. അവിടെ വച്ച് അറസ്റ്റ് ചെയ്യണമെന്നായിരുന്നു ഞങ്ങളുടെ ആവശ്യം.
പക്ഷേ, ബെയ്ലിൻ ദാസിനെ ഓഫീസിൽ നിന്ന് അറസ്റ്റ് ചെയ്യാനാകില്ലെന്നായിരുന്നു ബാർ അസോസിയേഷൻ സെക്രട്ടറി ഉൾപ്പെടെ പറഞ്ഞത്. അതിനാലാണ് അദ്ദേഹം രക്ഷപെട്ടത്. അസോസിയേഷന്റെ തിരഞ്ഞെടുപ്പ് സമയത്ത് ഒപ്പമുണ്ടായിരുന്ന വ്യക്തിയാണ് ബെയ്ലിൻ. അതുകൊണ്ടാവാം സംരക്ഷിച്ചത്
കൈകൊണ്ട് മാത്രമായിരുന്നോ മർദ്ദനം?
കൈകൊണ്ടാണ് മർദ്ദിച്ചത്. കൈയിൽ മോതിരമോ താക്കോലോ ഉണ്ടായിരുന്നില്ല. പൊലീസിലും ഈ മൊഴിയാണ് നൽകിയിട്ടുള്ളത്. സാർ എയർഫോഴ്സിലായിരുന്നു. തോക്ക് പിടിച്ചും കടലിൽ ജോലിചെയ്തും ശീലിച്ച ആളാണ്. അതുകൊണ്ടായിരിക്കും മുഖം ഇങ്ങനെയായത്. എല്ലാവരും ചോദിക്കുന്നു എന്തെങ്കിലും കൊണ്ടാണോ അടിച്ചത്, ചുവരിൽ പിടിച്ച് ഉരച്ചോ എന്നൊക്കെ. അങ്ങനെയൊന്നും ഉണ്ടായിട്ടില്ല.
നേരത്തെ മർദ്ദിച്ചിട്ട് എന്തുകൊണ്ട് പരാതിപ്പെട്ടില്ല ?
മുൻപ് മർദ്ദിച്ചുണ്ട്. ഇത്ര ക്രൂരമായിട്ടല്ല. അന്ന് അഞ്ചുമാസം ഞാൻ ഗർഭിണിയായിരുന്നു. കോടതിയിൽ ഒരു ജാമ്യാപേക്ഷയ്ക്ക് കോപ്പി ആപ്ലിക്കേഷൻ ഇട്ടില്ലെന്ന് പറഞ്ഞ് ഫയൽ വലിച്ചെറിഞ്ഞാണ് കവിളിൽ അടിച്ചത്. അത് ക്യാബിനിൽ വച്ചായിരുന്നു മറ്റാരും കണ്ടില്ല. പിന്നലെ സാർ സോറി പറഞ്ഞു. അതിനാലാണ് പരാതി നൽകാത്തത്. പെട്ടെന്നുള്ള ദേഷ്യത്തിലാണ് മർദ്ദിക്കുന്നത്. കഴിഞ്ഞദിവസവും ഇതാണ് സംഭവിച്ചത്. അദ്ദേഹത്തിന് ഇനി അഭിഭാഷക യൂണിഫോം ധരിക്കാൻ കഴിയാത്ത തരത്തിലുള്ള നടപടികൾ ഉണ്ടാകണം. ഇനി ആരോടും ഇങ്ങനെ പെരുമാറരുത്. പരാതിയിൽ ഉറച്ചുനിൽക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |