പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ ചുട്ട മറുപടി നൽകിയിരുന്നു. എന്നാൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാർ ഇന്നും വേദനയായി തുടരുകയാണ്. ഇതിനിടയിൽ മലപ്പുറത്തുനിന്നുള്ളൊരു ഫുട്‌ബോൾ കമന്ററിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
യുവാവിന്റെ വൈറൽ കമന്ററി
'അധർമത്തിന്റെ പാകിസ്ഥാനികൾ അറിയുക. മറക്കില്ല പൊറുക്കില്ല ഈ ദുനിയാവിലൊരിക്കലും, ആ കൊടും ക്രൂരതയുടെ ചോരപ്പാടുകൾ. ഇത് ഇന്ത്യയാണ്. പാപ മോചനത്തിന്റെ നിർവൃതി തേടി അയ്യപ്പന്റെ തിരുനടയിലേക്ക് മല ചവിട്ടാൻ പോയ സുഹൃത്തിന്റെ അരവണ കാത്തിരിക്കുന്ന മുസൽമാന്റെ ഇന്ത്യ.
പടച്ച റബ്ബേ നട അടച്ചോ എന്ന് ചോദിക്കുന്ന ഹൈന്ദവന്റെ ഇന്ത്യ. മഞ്ഞു പെയ്യുന്ന ഡിസംബറിന്റെ ക്രിസ്മസ് രാവുകളിൽ, നക്ഷത്രങ്ങൾ പൂക്കുന്ന പുൽക്കൂടൊരുക്കുന്ന, ഹൈന്ദവന്റെയും മുസൽമാന്റെയും ഇന്ത്യ. ഈ ഇന്ത്യയുടെ ആത്മാവിനെ മുറിവേൽപ്പിച്ച്, പാകിസ്ഥാൻ ഭീകരർ കൊന്നു തള്ളിയ അനേകം അമ്മമാരുടെയും, അനേകം സഹോദരന്മാരുടെയും, അനേകം കുഞ്ഞു പൈതലുകളുടെയും, മാതൃരാജ്യത്തിനായി കരൾ ചോര പകുത്തുനൽകിയ വീരമൃത്യു വരിച്ച അനേകം വീര ജവാന്മാരുടെയും ഓർമ്മകളുടെ ഓളങ്ങളിലേക്ക് ഒരായിരം സ്‌നേഹപ്പൂക്കൾ സമർപ്പിച്ചുകൊണ്ട് ഈ ടൂർണമെന്റിന്റെ ഫൈനൽ പോരാട്ടത്തിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കം കുറിക്കുകയാണ്.'- എന്നാണ് യുവാവ് പറയുന്നത്. ഇതിനുപിന്നാലെ ഗ്യാലറിയിലുള്ളവർ "THE NATION OF UNITY" എന്ന ബാനർ പിടിച്ചിരിക്കുന്നതും വീഡിയോയിലുണ്ട്. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പോസ്റ്റ് ചെയ്‌തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |